റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവന്റെ വിലയുള്ള ജാഗ്രത മുദ്രാവാക്യവുമായി ബ്രേക്ക് ദി ചെയിന്‍ മൂന്നാംഘട്ടത്തിലേക്ക്

July 16, 2020 - 12:56 pm

തിരുവനന്തപുരം: ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയര്‍ത്തി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോറോണ വൈറസ് രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ‘ആരില്‍ നിന്നും രോഗം പകരാം’ എന്ന ഒരു പ്രധാന ജാഗ്രത നിര്‍ദ്ദേശം കൂടി പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ്. 

നമ്മള്‍ ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴില്‍ ഇടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളില്‍ നിന്നും മിനിമം രണ്ടു മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പുവരുത്തണം. ഈ സുരക്ഷിത വലയത്തിനുള്ളില്‍ നിന്നു കൊണ്ട് മാസ്‌ക് ധരിച്ചും സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആള്‍കൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്.

രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ലോകത്തിലെ പ്രധാന രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വലിയ തോതില്‍ മരണങ്ങള്‍ ഉണ്ടാവുകയാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് വളരെ കുറച്ചു നിര്‍ത്താന്‍ കഴിയുന്നത് നമ്മള്‍ പുലര്‍ത്തുന്ന ജാഗ്രത കൊണ്ടാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതുകൊണ്ട് ഈ മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തു കൊണ്ട് നമുക്ക് കോവിഡ് 19ന് എതിരായ പ്രതിരോധം ശക്തമായി തുടരാമെന്ന് അദ്ദേഹം പറഞ്ഞു. 

ലോക്ക്ഡൗണ്‍ ഇളവിനുശേഷം കേരളത്തിലെത്തിയത് 5,81,488 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 3,63,731 ഉം വിദേശത്തു നിന്നു വന്നവര്‍ 2,17,757ഉം ആണ്. വന്നവരില്‍ 62.55 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. അവരില്‍ 64.64 ശതമാനം ആളുകളും രാജ്യത്തെ റെഡ് സോണ്‍ ജില്ലകളില്‍ നിന്നും ആണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളും എത്തിയത് റോഡ് മാര്‍ഗം ആണ്. 65.43 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.64 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.18 ശതമാനം പേര്‍ റെയില്‍വേ വഴിയും കേരളത്തിലെത്തി.

ഹ്രസ്വകാല സന്ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 58,169 ആളുകളാണ്. അവരില്‍ 27,611 പേര്‍ക്ക് പാസ് ഇതിനകം അനുവദിച്ചു. പതിവു സന്ദര്‍ശനത്തിനായി അപേക്ഷിച്ചത് 19,206 ആളുകളാണ്. അവരില്‍ 8299 പേര്‍ക്ക് ഇതിനകം പാസ് അനുവദിച്ചിട്ടുണ്ട്. രണ്ടു തരം സന്ദര്‍ശകര്‍ക്കിടയിലും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിട്ടുള്ളത് തമിഴ്നാട്ടില്‍ നിന്നുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6174/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *