ന്യൂഡൽഹി: സിപിഎം എന്നതു കൂട്ടായ അസ്തിത്വമുള്ള പാർട്ടിയാണ്. പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണു പിണറായി വിജയൻ. അതുകൊണ്ടാണ് അദ്ദേഹം പ്രചാരണം നയിച്ചത്. പിന്നെ എന്തിനാണ് കേരളത്തിലെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുക്കേണ്ടത് . സി പിഎം പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എം.എ.ബേബി പറഞ്ഞു. .പരാജയഭാരം ഒരു വ്യക്തിയുടെ മേൽ മാത്രം ചാരാൻ ജനറൽ സെക്രട്ടറി വിസമ്മതിച്ചു.
ബിജെപി മൂന്ന് സീറ്റുകൾ നേടിയതു നിസാരമായി കാണുന്നില്ല.
.പാർട്ടിയുടെ തോൽവി ഞെട്ടിച്ചു. ബിജെപി മൂന്ന് സീറ്റുകൾ നേടിയതു നിസാരമായി കാണുന്നില്ല. ഓരോ മണ്ഡലത്തിലെയും പരാജയകാരണങ്ങൾ വിശദമായി പരിശോധിക്കും. പാർട്ടി അണികളുടെയും അനുഭാവികളുടെയും അഭിപ്രായം തേടും- എം.എ. ബേബി വ്യക്തമാക്കി.
പ്രതിപക്ഷനേതാവിനെ ഉടൻ തെരഞ്ഞെടുക്കും
കേരളത്തിലെ പ്രതിപക്ഷനേതാവ് ആരാകണമെന്നതു സംബന്ധിച്ച ചർച്ചകൾ പോളിറ്റ് ബ്യൂറോ യോഗത്തിൽ നടന്നിട്ടില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞത്. പ്രതിപക്ഷനേതാവിനെ ഉടൻ തെരഞ്ഞെടുക്കുമെന്നു മാത്രമാണ് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് എം.എ. ബേബി മറുപടി നൽകിയത്. ഇന്നുമുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച ചർച്ചകളും നടക്കുമെന്നാണ് ജനറൽ സെക്രട്ടറിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.