തിരുവനന്തപുരം: എട്ടുവര്‍ഷമായി മുങ്ങിനടന്ന തട്ടിപ്പു കേസ് പ്രതി പിടിയില്‍. മംഗലാപുരം മുരുക്കുംപുഴ മുല്ലശ്ശേരി അനില്‍ഹൗസില്‍ അനില്‍ അലോഷ്യസാണ്(42) പിടിയലായത്. 2012ല്‍ ആറ്റിങ്ങല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത വാഹനതട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ ഇയാള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാജ മേല്‍വിലാസത്തില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ബാങ്ക് മാനേജര്‍ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരം ശ്രീനിലയം വീട്ടില്‍ താമസിച്ചു വരുന്നതിനിടെയാണ് ഇയാള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വാഹനം വാങ്ങുന്ന ആളിന്റെ ഫോട്ടോയും വ്യാജ തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് വാഹന ഫിനാന്‍സ് കമ്പനിയില്‍നിന്ന് ലോണ്‍ തരപ്പെടുത്തി വേറെ വാഹനം വാങ്ങി തിരുവനന്തപുരം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ താല്‍കാലിക രജിസ്ട്രേഷന്‍ നടത്തി മറിച്ചുവില്‍ക്കും. ഇത്തരത്തില്‍ സ്വന്തമാക്കിയ ഒമ്പത് വാഹനങ്ങള്‍ മറിച്ച് വില്‍പ്പന നടത്തിയും പണയംവച്ചും ഫൈനാന്‍സില്‍നിന്ന് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ ഒന്നാം പ്രതിയാക്കി ആറ്റിങ്ങല്‍ പൊലീസ് കേസ് എടുത്തത്. കൂട്ടുപ്രതികളായ നെയ്യാറ്റിന്‍കര വാഴിച്ചല്‍ സ്വദേശി സനോജ്, തിരുമല മുടവന്‍മുകള്‍ സ്വദേശി പ്രകാശ്, മറ്റ് നിരവധി കേസുകളിലെ പ്രതിയായ കല്ലമ്പലം പുല്ലൂര്‍മുക്ക് സ്വദേശി റീജു, കല്ലമ്പലം കുടവൂര്‍ നാദിര്‍ഷാ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.



