റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലളിതമാക്കി ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളിലെത്തിക്കുന്ന പഠന പദ്ധതിയായ വൈറ്റ് ബോര്‍ഡിന് തുടക്കം. പൊതുവിദ്യാലയങ്ങളിലെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പരിമിതികള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാഴ്ച പരിമിതി, ശ്രവണ പരിമിതി, ബുദ്ധി പരിമിതി, പഠന വൈകല്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിങ്ങനെ ഓരോ ഭിന്നശേഷി വിഭാഗക്കാര്‍ക്കും അനുയോജ്യമായ പഠനവിഭവങ്ങള്‍ പ്രത്യേകം തയ്യാറാക്കുന്നു.

സംസ്ഥാനതല ടൈംടേബിള്‍ അനുസരിച്ചാണ് ഓരോ കുട്ടിക്കും പഠനവിഭവങ്ങള്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടമായി ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ഭാഷാ വിഷയങ്ങളും ശാസ്ത്രവിഷയങ്ങളും ആണ് ഉള്‍പ്പെടുത്തുക. പഠനവിഭവങ്ങള്‍ ടെലിഗ്രാം പ്ലാറ്റ്‌ഫോമിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. ക്ലാസ്, വിഷയം, ഭിന്നശേഷി വിഭാഗം അനുസരിച്ച് വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പില്‍ കുട്ടിക്കും റിസോഴ്‌സ് അധ്യാപകാര്‍ക്കും പുറമേ രക്ഷിതാവും, ക്ലാസ് ടീച്ചറും, വിഷായാധ്യാപകരും അംഗങ്ങളാണ്. തുടര്‍പഠനത്തിനായി ഓരോ ഭിന്നശേഷി വിഭാഗത്തിനും അനുയോജ്യമായ വര്‍ക്ക് ഷീറ്റുകളും കുട്ടികളുടെ വീടുകളില്‍ എത്തിക്കും. ഫോണിലൂടെയും വിവരങ്ങള്‍ കൈമാറും. തൃശൂര്‍ ജില്ലയില്‍ 3700 വിദ്യാര്‍ഥികള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരായുണ്ട്. 220 അധ്യാപകരാണ് പഠന വിഭവങ്ങള്‍ ഒരുക്കുന്നത്.

വൈറ്റ് ബോര്‍ഡ് ഓണ്‍ലൈന്‍ ക്ലാസുകളുടെ ഒല്ലൂര്‍ ബി.ആര്‍.സി തല ഉദ്ഘാടനം വൈലോപ്പിള്ളി ഹാളില്‍ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് വിനയന്‍ നിര്‍വഹിച്ചു. ട്രെയ്‌നര്‍ ബിപിസി ദയ അധ്യക്ഷത വഹിച്ചു.

തളിക്കുളം ബി.ആര്‍.സി തല ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സുഭാഷിണി മഹാദേവന്‍ നിര്‍വഹിച്ചു. ട്രെയ്‌നര്‍ ബിജി വി.എസ് അധ്യക്ഷയായി. ബി.പി.സി കല.വി, റിസോഴ്‌സ് അധ്യാപകരായ സിമി സത്യന്‍, ഷിനി.കെ, മില്‍ന പി.എം എന്നിവരുടെ ക്ലാസുകളാണ് റെക്കാര്‍ഡ് ചെയ്തിട്ടുള്ളത്. സ്‌കോളര്‍ഷിപ്പ് നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥി നിവേദ് കുമാറിനെ ആദരിച്ചു. റിസോഴ്‌സ് അധ്യാപകരും ട്രെയ്‌നര്‍മാരും മറ്റ് ബി.ആര്‍.സി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5838/White-board-online-classes.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *