റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴീക്കോട് മുനമ്പം പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; 140 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതി

July 1, 2020 - 6:16 pm

തൃശൂര്‍ : തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്മുനമ്പം പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതിയായി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കിഫ്ബി യോഗത്തിലാണ് പാലത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി, കിഫ്ബി സി എം ഡി എന്നിവര്‍ പങ്കെടുത്തതായിരുന്നു യോഗം.

കയ്പമംഗലം മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാമതായ അഴീക്കോട്മുനമ്പം പാലം യാഥാര്‍ഥ്യമായാല്‍ എറണാകുളം ജില്ലയില്‍ നിന്ന് തൃശൂര്‍ ജില്ലയിലേക്കുള്ള എളുപ്പമാര്‍ഗമാകും തുറക്കപ്പെടുക. അഴീക്കോട് നിന്ന് കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാര്‍ഗത്തില്‍ എത്തിച്ചേരാനും തെക്കന്‍ ജില്ലകളില്‍നിന്ന് വൈപ്പിന്‍കര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. തീരദേശത്തെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും.

രണ്ട് തീരദേശങ്ങളെ തമ്മില്‍ കൂട്ടിമുട്ടിക്കുന്ന പാലത്തിന് 2011ലാണ് തറക്കല്ലിട്ടത്.  സാങ്കേതിക പ്രശ്‌നം മൂലം സ്ഥലമേറ്റെടുക്കല്‍ വൈകിയത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി. നിര്‍ദ്ദിഷ്ട തുറമുഖ പ്രദേശത്തു നിര്‍മിക്കുന്ന പാലത്തിന്റെ ഉയരം 12.5 മീറ്ററാണ്. അഴീക്കോട് മുനമ്പം കായലിനു കുറുകെ 900 മീറ്റര്‍ നീളത്തിലും 16.5 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. അടിയിലൂടെ കപ്പലുകള്‍ക്ക് സുഗമമായി യാത്ര ചെയ്യാവുന്ന ഉയരത്തിലാവും നിര്‍മ്മാണം. നിര്‍മാണത്തിന് ഇന്‍ലാന്റ് നാവിഗേഷന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. പിന്നീട് പാലത്തിന്റെ അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി 6.49 കോടിയും മുനമ്പം ഭാഗത്ത് 8.13 കോടിയും അനുവദിച്ചു. സാമൂഹിക പ്രത്യാഘാത പഠനം വിലയിരുത്തല്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള ഹിയറിംഗ് 2019 ആഗസ്റ്റില്‍ ഇ ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തിലും നടത്തി. കളമശ്ശേരി

രാജഗിരി കോളേജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്ന മുഴുവന്‍ പേരെയും പങ്കെടുപ്പിച്ചായിരുന്നു ഹിയറിംഗ്.  പഠനം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ 22 ഭൂമിയുടമകളുടെ വീടും സ്ഥലവുമാണ് സര്‍ക്കാര്‍ റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപ്രോച്ച് റോഡിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടക്കുക.

തുടര്‍ന്ന് 2019 ഡിസംബറില്‍ പാലം നിര്‍മ്മാണത്തിനുള്ള അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി  സാമൂഹ്യ പ്രത്യാഘാത റിപ്പോര്‍ട്ട് വിലയിരുത്തുന്ന ഏഴംഗ സമിതി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ഭൂവുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരിക്കുന്നതെന്ന്  ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.

ബന്ധപ്പെട്ട രേഖ:https://keralanews.gov.in/5777/KIIFB–Azheekkodu–munampam-bridge.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *