കൽപ്പറ്റ : ബന്ധുകൂടിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് കൽപ്പറ്റ പോക്സോ കോടതി 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോക്സോ നിയമ പ്രകാരമാണ് ആണ് ശിക്ഷ. സുൽത്താൻബത്തേരി കെ എസ് ആർ ടി സി ഗാരേജിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് ചിറ്റൂർ പുത്തൻവീട്ടിൽ മുജീബ് (43) ആണ് ശിക്ഷിക്കപ്പെട്ടത്.
2018 ജൂലൈ 25ന് ആണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ സഹോദരൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുകയായിരുന്നു. സഹോദരനെ കാണാൻ പോകുന്നതിനായി പെൺകുട്ടിയെ ബന്ധുവായ മുജീബ് തൻറെ മകനെ പറഞ്ഞു വിട്ട് വീട്ടിലേക്ക് വിളിപ്പിച്ചു. നേരം വൈകിയതിനാൽ കോഴിക്കോട്ടേക്ക് പോകണ്ട എന്ന് പറഞ്ഞ് വീട്ടിൽ താമസിപ്പിച്ചു. രാത്രിയിൽ മുജീബ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി. പിറ്റേന്ന് രാവിലെ മകൻറെ കൂടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പെൺകുട്ടിയെ അയച്ചു. മാനഭംഗത്തിനിരയായ പെൺകുട്ടി മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചത് സ്കൂൾ അധികൃതർ ശ്രദ്ധിച്ചു. കൗൺസിലിംഗിൽ പെൺകുട്ടിയെ സംഭവം വിവരിച്ചു. സ്കൂൾ അധികൃതർ പോലീസിനെ വിവരം കൈമാറി. അന്ന് സുൽത്താൻബത്തേരിയിൽ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എം ഡി സുനിലിനെ നേതൃത്വത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പോക്സോ കോടതി ജഡ്ജി കെ രാമകൃഷ്ണനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി എം ജി സിന്ധു ഹാജരായി.