കണ്ണൂര്‍: ചെറുപ്പക്കാരനും ആരോഗ്യവാനുമായ സുനില്‍കുമാറിനെ കീഴടക്കിയത് ഞെട്ടലാകുന്നു. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരാണ് കൊറോണ മരണത്തിന് കീഴടങ്ങുന്നതെന്ന ധാരണ തിരുത്തിക്കുറിക്കപ്പെട്ടത് ഞെട്ടലായി.
വ്യാഴാഴ്ച (18/06/2020) രാവിലെ മരണമടഞ്ഞ സുനില്‍കുമാറിന്റെ കാര്യത്തില്‍ ഈ ഘടകങ്ങളൊന്നും ഇല്ല. ചെറുപ്പക്കാരനും ആരോഗ്യവാനുമായിരുന്നു ഈ എക്‌സൈസ് ഉദ്യോഗസ്ഥന്‍. രോഗം വന്ന വഴിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. സുനില്‍കുമാറിന് നേരത്തെ ഒരു അസുഖവുമുള്ളതായി സൂചനയില്ല. കര്‍ണാടക മേഖലയില്‍ നിന്ന് ലഹരി വസ്തുക്കളുമായി വന്നതിന് അറസ്റ്റുചെയ്ത റിമാന്‍ഡ് പ്രതിയുമായി ജില്ലാ ആശുപത്രികളടക്കം ചില സ്ഥലങ്ങളില്‍ പോയിരുന്നതുമാത്രമാണ് രോഗം വന്ന വഴിയെപ്പറ്റിയുള്ള സൂചന.
കഴിഞ്ഞ 13- നാണ് ഇദ്ദേഹത്തെ പനിബാധിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത്. മട്ടന്നൂർ എക്സൈസ് വകുപ്പ് ഡ്രൈവറായ ഇദ്ദേഹം റിമാൻഡ് പ്രതിയുമായി ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്റൈൻ കേന്ദ്രത്തിലും പോയിരുന്നു. ഇവിടെ നിന്നാണോ രോഗബാധ ഉണ്ടായത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. മട്ടന്നൂർ എക്സൈസ് ഓഫീസ് അടച്ചു ഇവിടുത്തെ 18 ജീവനക്കാർ നിരീക്ഷണത്തിലേക്ക് പോയി. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 25 ബന്ധുക്കളും ഉള്‍പ്പെടുന്നു.



