ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയ്ക്ക് വിവരങ്ങള്‍ കൈമാറിയ പ്രതിരോധ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വികാസ് കുമാര്‍(29), ചമന്‍ലാല്‍(22) എന്നിവരെ മിലിട്ടറി ഇന്റലിജന്‍സും രാജസ്ഥാന്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിനു സമീപമുള്ള കരസേനയുടെ ആയുധശേഖര ഡിപ്പോയിലെ സിവില്‍ ഡിഫന്‍സ് ജീവനക്കാരനാണ് വികാസ് കുമാര്‍. ആര്‍മി മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ ജീവനക്കാരനാണ് ചമന്‍ലാല്‍. മിലിട്ടറി ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാക് ഇന്റലിജന്‍സ് ഏജന്‍സിക്ക് ഇരുവരും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. 2019 ഓഗസ്റ്റില്‍ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അനുഷ്‌ക ചോപ്ര എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനാണ് വികാസ് കുമാര്‍ വിവരങ്ങള്‍ കൈമാറിയത്. ഇന്ത്യക്കാരിയാണെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിച്ചശേഷം ഇവര്‍ വിവരം ചോര്‍ത്തുകയായിരുന്നു. സൈനിക രഹസ്യങ്ങള്‍, ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ഫയറിങ് പരിശീലനത്തിനായി വരുന്ന യൂണിറ്റുകളുടെ വിവരങ്ങള്‍, ആയുധങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് പാകിസ്താനു കൈമാറിയത്.



