റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയുടെ പ്രകോപനം: അതിര്‍ത്തിയില്‍ ഏപ്രിലിലെ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ, നയതന്ത്രതല ചര്‍ച്ച തുടരും

June 7, 2020 - 12:06 pm

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏപ്രിലിലെ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഇതിനായി യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍നിന്ന് ടാങ്കുകളും കവചിതവാഹനങ്ങളും ഇരുപക്ഷവും പിന്‍വലിക്കണം. പാംഗോങ് തടാകതീരത്ത് നിരീക്ഷണത്തിനായി നടത്തുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ലേയിലെ ചൂഷൂലിന് എതിര്‍വശത്ത് ചൈനീസ് പ്രദേശമായ മോള്‍ഡോയില്‍ ഇരുരാജ്യത്തിന്റെയും സൈനിക കമാന്‍ഡര്‍മാര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യയുടെ റോഡ് നിര്‍മാണം അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാല്‍, നിയന്ത്രണ രേഖയ്ക്കുള്ളിലാണ് റോഡ് നിര്‍മിക്കുന്നതെന്നും ഇക്കാര്യത്തില്‍ ചൈന എതിര്‍പ്പ് ഉന്നയിക്കേണ്ട സാഹചര്യമില്ലെന്നും ഇന്ത്യ മറുപടി കൊടുത്തു. ചര്‍ച്ച നാലു മണിക്കൂറിലേറെ നീണ്ടു. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും സൈനിക, നയതന്ത്രതല ചര്‍ച്ച തുടരാന്‍ ധാരണയായി.

ഇരുരാജ്യങ്ങളും തമ്മില്‍ 1993ല്‍ ഒപ്പിട്ട ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് പരിഗണന നല്‍കിയായിരുന്നു ചര്‍ച്ച. ലേ കേന്ദ്രമായ 14ാം വ്യൂഹത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ ലെഫ്. ജനറല്‍ ഹരീന്ദര്‍സിങ്ങാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. തിബറ്റ് സൈനികമേധാവി ലിയു ലിന്‍ ചൈനീസ് സംഘത്തിന് നേതൃത്വം നല്‍കി. മെയ് അഞ്ചിനും ആറിനും തടാകതീരത്തും ഗല്‍വാന്‍ താഴ്വരയിലും ദെംചോക്കിലും ദൗലത് ബേഗ് ഒല്‍ദിയിലും ഇരു രാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം വന്നു. ഇതേതുടര്‍ന്നാണ് പ്രശ്നപരിഹാര ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിനകം 15 വട്ടം ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ നടന്നു.

മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയുടെ പൂര്‍ണവിവരങ്ങള്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഒദ്യോഗികമായി പുറത്തുവന്നിട്ടില്ല. ചര്‍ച്ചയുടെ വിവരങ്ങള്‍ സൈനികോദ്യോഗസ്ഥര്‍ കരസേനാമേധാവി എം എം നരവനെ, നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ വൈ കെ ജോഷി എന്നിവര്‍ക്കു മുന്നില്‍ വിശദീകരിച്ചശേഷമായിരിക്കും ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വരുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *