തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം രണ്ടുഘട്ടമായി നടക്കും. വോട്ടര്‍പട്ടിക ഈയാഴ്ച പ്രസിദ്ധീകരിക്കും. ഇതിനുള്ള ഷെഡ്യൂള്‍ തിങ്കളാഴ്ച തീരുമാനിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. 2015ലെ പട്ടികയാണ് ഇപ്പോള്‍ പുതുക്കിയത്. തിരഞ്ഞെടുപ്പിനുമുമ്പ് രണ്ടുവട്ടംകൂടി പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം ലഭിക്കും. ഇരട്ടിപ്പും പിഴവുകളും തിരഞ്ഞെടുപ്പിനുമുമ്പ് പൂര്‍ണമായും തിരുത്തും.
ഏഴ് ജില്ലകളില്‍ വീതം രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയില്‍ വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്തംബറില്‍ പുറത്തിറക്കും. വരണാധികാരികളുടെ പട്ടിക കലക്ടര്‍മാര്‍ കമ്മീഷന് സമര്‍പ്പിച്ചു. സംവരണ വാര്‍ഡുകള്‍ റൊട്ടേഷന്‍ രീതിയില്‍ മാറുമെന്ന് കമ്മീഷണര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നവംബര്‍ 12നകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കണം. കോവിഡ് തുടര്‍ന്നാല്‍ പ്രോട്ടോക്കോള്‍ പാലിച്ചും സുരക്ഷാ മുന്‍കരുതലുകളെടുത്തും വോട്ടെടുപ്പ് നടത്തും.




