റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈറ്റ് ഹൗസിനു മുന്നിലെ പ്രതിഷേധം അക്രമാസക്തമായി; അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രാര്‍ഥിക്കാനെത്തുന്ന പള്ളിക്ക് തീയിട്ടു

June 3, 2020 - 12:36 am

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസിനു മുന്നിലെ പ്രതിഷേധം അക്രമാസക്തമായി. അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രാര്‍ഥിക്കാനെത്തുന്ന പള്ളിക്ക് തീയിട്ടു. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെതുടര്‍ന്ന് അമേരിക്കയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭ സമരങ്ങളാണ് അരങ്ങേറുന്നത്. വൈറ്റ് ഹൗസിന് വിളിപ്പാടകലെയുള്ള പള്ളിക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് തൊട്ടടുത്തുവരെ പ്രതിഷേധക്കാര്‍ എത്തി. വൈറ്റ്ഹൗസ് സമുച്ചയത്തില്‍ അതീവ സുരക്ഷാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പ്രക്ഷോഭകാരികള്‍ തീയിട്ട സെന്റ് ജോണ്‍സ് പള്ളിയിലേക്ക് വൈറ്റ് ഹൗസില്‍നിന്ന് പ്രസിഡന്റ് നടന്നു പോയി. ബൈബിളുമായി പള്ളിക്കുമുന്നില്‍ നിന്നു. പള്ളി കത്തിച്ചതിനെ ഭീകരപ്രവര്‍ത്തനത്തോട് ഉപമിച്ച പ്രസിഡന്റ് ട്രംപ് പട്ടാളത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്നു വ്യക്തമാക്കി. യുഎസില്‍ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവര്‍ത്തനമാണ്. നമ്മുടേത് ഒരു മഹത്തായ രാഷ്ട്രമാണെന്നും അതിന്റെ അന്തസ് കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും ട്രംപ് ഓര്‍മപ്പെടുത്തി.

അമേരിക്കയിലെ 140 നഗരങ്ങളില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും നടക്കുകയാണ്. 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 20 സംസ്ഥാനങ്ങളില്‍ ദേശീയ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് സമുച്ചയത്തില്‍ അതീവ സുരക്ഷാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ്. സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തിനു സാക്ഷ്യംവഹിക്കാന്‍ ഫ്ലോറിഡയിലേക്കുപോയ ട്രംപ് തിരികെ വരുമ്പോള്‍ വാഹനവ്യൂഹത്തിനു തൊട്ടടുത്തുവരെ പ്രതിഷേധക്കാരെത്തി. വൈറ്റ്ഹൗസിനു മുന്നിലെ പ്രതിഷേധക്കാരെ ഭയന്ന് ട്രംപിനെ ഒരു മണിക്കൂര്‍ സുരക്ഷാ ബങ്കറിലേക്കു മാറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *