കോന്നി: തണ്ണിത്തോട്ടിലെ സ്വന്തം വീടിനുസമീപം കടുവയെ കണ്ടതിന്റെ ഭയപ്പാടിലാണ് അഞ്ചുകുഴി തെക്കേകൊല്ലനേത്ത് സതീഷും കുടുബവും. വനമേഖലയോടു ചേര്‍ന്നാണ് സതീഷിന്റെ വീടും പുരയിടവും. ശനിയാഴ്ച രാത്രിയാണ് ഇവര്‍ നരഭോജി കടുവയെ നേര്‍ക്കുനേര്‍ കണ്ടത്. രാത്രി 10ന് വീടിന്റെ പിറകുവശത്ത് നായ കുരയ്ക്കുന്നതുകേട്ട് വീടിന്റെ സിറ്റൗട്ടിലിറങ്ങി സതീഷും ഭാര്യ സൗമ്യയും ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോഴാണ് പുരയിടത്തില്‍ കടുവ നില്ക്കുന്നതു കണ്ടത്. പ്രാണഭയത്തോടെ ഉടന്‍ വീട്ടില്‍കയറി കതകടച്ചു. ഉടന്‍ അയല്‍വാസികളെയും ഫോറസ്റ്റുകാരെയും ഫോണിലൂടെ വിവരം ധരിപ്പിച്ചു.

തുടര്‍ന്ന് വാര്‍ഡുമെംബര്‍ എം എസ് ഇന്ദിര കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞ് മേടപ്പാറയില്‍ ക്യാംപ് ചെയ്തിരുന്ന വനപാലക സംഘം തോക്കും സെര്‍ച്ച് ലൈറ്റുമായി സ്ഥലത്തെത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോഴും കടുവയുടെ കാര്യംപറയുമ്പോള്‍ സതീഷിനും സൗമ്യയ്ക്കും ഭയം വിട്ടുമാറുന്നില്ല. പകല്‍ സമയത്തുപോലും പുരയിടത്തിലേക്കിങ്ങാന് ഇവര്‍ക്ക് ഭയമാണ്. കടുവയെ കെണിയില്‍ വീഴ്ത്തിയെന്നോ വെടിവച്ചുകൊന്നുവെന്നോ കേള്‍ക്കാതെ ഭയം വിട്ടുമാറുകയില്ലെന്നാണ് സതീഷും പത്നി സൗമ്യയും ഒരേ സ്വരത്തില്‍ പറയുന്നത്.



