ന്യൂഡല്‍ഹി ഫെബ്രുവരി 21: നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. അഭിഭാഷകനായ എ പി സിംഗിനെതിരെയായിരുന്നു ആശാദേവിയുടെ ആരോപണം. വിനയ് സിംഗ് ആരോഗ്യവാനാണെന്നും മാനസികമായി സ്ഥിരതയുള്ളവനാണെന്നും ആശാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിലെ പ്രതികളിലൊരാളായ വിനയ് സിംഗിന്റെ മാനസിക നില ശരിയല്ലെന്നും ഇയാള്‍ നിരാഹാര സമരത്തിലാണെന്നും കാണിച്ച് അഭിഭാഷകനായ എ പി സിംഗ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആരോഗ്യപരിശോധനയ്ക്കും മെഡിക്കല്‍ റിപ്പോര്‍ട്ടിനും വേണ്ടി ജയില്‍ അധികൃതരോട് കോടതിയുടെ നിര്‍ദ്ദേശം തേടുകയും ചെയ്തിരുന്നു. എല്ലാ നിയമവഴികളും സ്വീകരിക്കാന്‍ ഒരാഴ്ചത്തെ സമയം കോടതി നാല് പ്രതികള്‍ക്കും അനുവദിച്ചിരുന്നു. ഒരേ കുറ്റകൃത്യത്തിലെ പ്രതികളായതിനാല്‍ ഇവരെ വെവ്വേറെ തൂക്കിലേറ്റാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ വെളിപ്പെടുത്തല്‍.



