റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുവര്‍ഷത്തില്‍ പ്ലാസ്റ്റിക് നിരോധനം അടക്കം പുതിയ ഉത്തരവുകള്‍

December 31, 2019 - 11:26 am

തിരുവനന്തപുരം ഡിസംബര്‍ 31: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ പ്ലാസ്റ്റിക്കിനും ജനുവരി ഒന്നുമുതല്‍ നിരോധനം. എന്നാവ് വെള്ളം, മദ്യം വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ക്കവറിനും ബ്രാന്റഡ്‌ ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണത്തിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.

പഴങ്ങളും പച്ചക്കറികളും പൊതിയാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവ നിര്‍മ്മിക്കാനോ വില്‍ക്കാനോ പാടില്ല. വില്‍പ്പനക്കാര്‍ നിയമം ലംഘിച്ചാല്‍ ആദ്യതവണ പതിനായിരം രൂപ, രണ്ടാം തവണ കാല്‍ലക്ഷം, മൂന്നാംതവണ അരലക്ഷം എന്നിങ്ങനെയാണ് പിഴ ഈടാക്കുക.

വീട്ടുകാരുടെ 3000 രൂപയില്‍ക്കൂടുതലുള്ള ദ്വൈമാസ കറന്റ് ബില്ലും വാണിജ്യ ഉപഭോക്താക്കളുടെ 1500 രൂപയില്‍ക്കൂടുതലുള്ള മാസബില്ലും കെഎസ്ഇബി കൗണ്ടറില്‍ പണമായി സ്വീകരിക്കില്ല. ഡിജിറ്റലായി അടയ്ക്കണം. മാര്‍ച്ച് വരെ ഇതിന് ഇളവ് ലഭിച്ചേക്കാം.

രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ എടിഎമ്മില്‍ നിന്നുള്ള പണമിടപാടുകള്‍ക്ക് എസ്ബിഐ ഒടിപി (വണ്‍ ടൈം പാസ്‌വേഡ്‌) ഏര്‍പ്പെടുത്തും. കാര്‍ഡ് മെഷീനില്‍വെച്ച് സ്ക്രീനില്‍ തെളിയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമ്പോള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി വരും. അത് ടൈപ്പ് ചെയ്ത് കൊടുത്താല്‍ പണം ലഭിക്കും. പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഇത് ബാധകം.

ഫ്ളാറ്റ് നിര്‍മ്മാണ മേഖല നിയന്ത്രിക്കാനുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിലവില്‍ വരും. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിര്‍മ്മാതാക്കള്‍ക്ക് അവ വില്‍ക്കാനോ പരസ്യപ്പെടുത്താനോ പാടില്ല. ഏജന്റുമാര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍ക്ക് പ്രവര്‍ത്തനം തുടരാം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് രജിസ്ട്രേഷന്‍ വേണ്ട.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *