തിരുവനന്തപുരം ഡിസംബര്‍ 2: കേരള സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടക കരാറില്‍ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. പവന്‍ഹന്‍സ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഉയര്‍ന്ന തുകക്കാണെന്ന് കാണിച്ചാണ് വാടക കരാര്‍ സംബന്ധിച്ച് സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കൂടിയ തുകക്ക് കരാര്‍ ഉറപ്പിക്കാന്‍ പവന്‍ഹന്‍സ് കമ്പനിയുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രിയുടെ ഉപദേശകന് രമണ്‍ ശ്രീവാസ്തവ ബോധപൂര്‍വ്വം ഇടപെട്ടന്നാണ് പരാതിയില്‍ വിശദമാക്കുന്നത്. സര്‍ക്കാരിനുവേണ്ടി കേരള പോലീസാണ് പവന്‍ഹന്‍സുമായി ധാരണയിലെത്തിയത്.
ഡിസംബര്‍ 10-നാണ് സര്‍ക്കാര്‍ ഈ കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത്. പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ നല്‍കേണ്ടത് ഒരു കോടി നാല്പ്പത്തിനാല് ലക്ഷം രൂപയാണ്. 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് പവന്‍ഹന്‍സ് വാടകക്ക് നല്‍കുന്നത്. ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞമാസം എട്ടിന് നല്കിയ കത്ത് ഈ കരാറിലെ ദുരൂഹത ശക്തമാകുന്നു. രമണ്‍ ശ്രീവാസ്തവയാണ് ആദ്യ ഘട്ട ചര്‍ച്ചകള്‍ നടത്തിയത്. 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ലെന്ന് ചിപ്സണിന്റെ വാദം. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വേണമെന്ന് ശ്രീവാസ്തവ ആവശ്യപ്പെട്ടു. അതില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ച തുടര്‍ന്നില്ല. എന്നാല്‍ ധാരണയിലെത്തിയ പവന്ഹന്സിലും ഇത്തരം ഉപകരണങ്ങള്‍ ഇല്ലെന്നാണ് ചിപ്സണ്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ പറയുന്നത്.

