വാഷിങ്ടണ്‍: ജനുവരി ആറിലെ യു.എസ്. ക്യാപിറ്റോള്‍ ആക്രമണത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളെ കുറ്റപ്പെടുത്തി ക്യാപിറ്റോളിലെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. യു.എസ്. കോണ്‍ഗ്രസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സുപ്രധാന വിവരങ്ങള്‍ പുറത്ത് വന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ യുഎസ് ക്യാപിറ്റല്‍ പോലീസിന് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകാനുള്ള സാധ്യത വ്യക്തമാക്കി റിപ്പോര്‍ട്ട് അയച്ചിരുന്നു. എന്നാലിത് യുഎസ്സിപി നേതൃത്വത്തിലേക്ക് എത്തിയില്ല എന്നതാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടിയ ഗൗരവകരമായ പ്രശ്‌നം. കൂടാതെ പ്രശ്‌നങ്ങള്‍ വഷളായപ്പോഴും പ്രതിരോധിക്കാന്‍ സൈനികരെ അയയ്ക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് ക്യാപിറ്റോള്‍ പോലീസ് മേധാവിയടക്കം രണ്ടുപേര്‍ രാജിവച്ചിരുന്നു. ഇവരടക്കം നാലു പ്രമുഖരെയാണ് യു.എസ്. സെനറ്റ് സമിതികള്‍ ചോദ്യംചെയ്തത്. വലിയ സുരക്ഷാപ്പിഴവിനു കാരണമെന്തെന്നു കണ്ടെത്തുകയാണു ലക്ഷ്യം.ആക്രമണത്തിനു മുമ്പും ശേഷവും എന്താണു സംഭവിച്ചത്, നിയമപാലകര്‍ക്കു ആക്രമണത്തെക്കുറിച്ചു സൂചനകള്‍ ലഭിച്ചിരുന്നോ, സുരക്ഷാ ഏജന്‍സികള്‍ വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്തിരുന്നോ, ആക്രമണം നടക്കുമ്പോള്‍ ക്യാപിറ്റോള്‍ പോലീസ് എന്തുകൊണ്ട് വെറും കാഴ്ചക്കാരായി തുടങ്ങിയ കാര്യങ്ങളാണ് കോണ്‍ഗ്രസ് അന്വേഷിച്ചത്. ക്യാപിറ്റോള്‍ പോലീസ് മുന്‍ മേധാവി സ്റ്റീഫന്‍ സണ്ട്, സുരക്ഷാവിഭാഗം മേധാവികളായിരുന്ന മൈക്കല്‍ സ്റ്റെഗ്നര്‍, പോള്‍ ഇര്‍വിങ്, റോബര്‍ട്ട് കോന്റി എന്നിവരെയാണു ചോദ്യംചെയ്തത്.
