ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്ട്യാല ഹൗസ് കോടതിയുടേതാണ് നടപടി. മറ്റുള്ള കുറ്റാരോപിതർക്കൊപ്പം ചോദ്യം ചെയ്യാനാണ് ദിഷയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തിങ്കളാഴ്ച (22/02/21) കോടതി ഉത്തരവായത്.
കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് രൂപ കൽപന ചെയ്തതിനാണ് 22കാരിയായ ദിഷ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിഷയെ അറസ്റ്റ് ചെയ്തത്. കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരേ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ കാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാണ് ദിഷ. ബംഗളൂരുവിലെ വീട്ടിൽ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്.

