തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിന്റെ സമസ്‌ത മേഖലകളിലും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി സര്‍വകലാശാല സെനറ്റ്‌ഹാളില്‍ മുഖ്യമന്ത്രിയോട് മനസ് തുറന്ന് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കാഴ്‌ച്ചപ്പാടുകളും വരുത്തേണ്ട മാറ്റങ്ങളും ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട 42 വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി കുറിച്ചെടുക്കുകയും അവസാനം ഓരോന്നിനും മറുപടി നല്‍കുകയും ചെയ്‌തു. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കാന്‍ പോന്നവയായിരുന്നു അവയില്‍ പലതും.
ഗവേഷക വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നാടിന് ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ഇത്തരം പ്രബന്ധങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ഒരു സമിതി രൂപീകരിക്കണമെന്നുമുളള നിര്‍ദ്ദേശം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍ ജാതി സംവരണം ഒവിവാക്കി സാമ്പത്തിക സംവരണം വിദ്യാഭ്യാസ രംഗത്ത് ഏര്‍പ്പെടുത്തണമെന്നുളള നിര്‍ദ്ദേശത്തോട് മുഖ്യമന്ത്രി യോജിച്ചില്ല. മറ്റുനിര്‍ദ്ദേശങ്ങള്‍ പഠിച്ചശേഷം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
വിദേശ സര്‍വകാലാശാലകളിലെ അദ്ധ്യാപകരുമായുളള സംവാദം, വിദേശഭാഷകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രകൃതി സംരക്ഷണം ബിരുദ തലത്തില്‍ പാഠ്യ വിഷയമാക്കുക, കൃഷി അധിഷ്ടിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക, പ്രാക്ടിക്കല്‍ അധിഷ്ടിതമായ പഠന രീതിക്ക് പ്രാധാന്യം നല്‍കുക, മാതൃകാപരമായി കൃഷി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോസ് മാര്‍ക്ക്, ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുക, നീന്തല്‍ കായിക പരിശീലനം, പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം, ഭരണ ഘടന, പാലിയേറ്റിവ് കെയര്‍, ദുരന്ത നിവാരണംതുടങ്ങിയവ പാഠ്യവിഷയമാക്കുക, കലയെ പ്രോത്സാഹിപ്പിക്കുക, ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം ,പഠനകാലത്ത് വരുമാനം ലഭ്യമാക്കാന്‍ പദ്ധതികള്‍, അദ്ധ്യാപക നിയമനം സുതാര്യമാക്കുക എന്നിവയായിരുന്നു പ്രധാന നിര്‍ദ്ദശങ്ങള്‍.

