കൊല്ലം: പുതുവത്സര ആഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പള്ളിക്കല്‍ പ്ളാമൂട് സ്വദേശി ലുക്മാന്‍ ഹക്കീമിനെ (22) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. ജീപ്പ് തകര്‍ത്തതിനും പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയതിനുമടക്കം പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു
31-12-2020 രാത്രി എട്ടരയോടെയാണ് സംഭവം. മൈലം വെള്ളാരംകുന്നില്‍ ബി.ജെ.പി നേതാവായിരുന്ന മഠത്തില്‍ ശശിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം നടന്നിരുന്നു.
സംഘർഷത്തിൽ നാലു പേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. തുടർന്ന് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.
രാത്രിയോടെയാണ് പട്രോളിംഗിനായി കൊട്ടാരക്കര സ്റ്റേഷനിലെ വനിതാ എസ്.ഐയും സംഘവും എത്തിയത്.
പള്ളിക്കൽ വെച്ച് ബൈക്കുമായി ഒരു സംഘം ചെറുപ്പക്കാര്‍ റോഡരികിലെ കടയ്ക്ക് സമീപത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരോട് പിരിഞ്ഞുപോകാന്‍ എസ്.ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ മടങ്ങി.
ഇതിനിടെ ലുക്‌മാന്‍ ഹക്കീം എസ്.ഐയോട് അപമര്യാദയായി പെരുമാറുക യായിരുന്നു
പൊലീസുകാര്‍ ലുക്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ ലുക്‌മാന്‍ എസ്.ഐയുടെ കൈയില്‍ കയറിപ്പിടിക്കുകയും ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പൊലീസുകാരും അക്രമികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ലുക്‌മാനെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു.
പരിക്കേറ്റ വനിതാ എസ്.ഐ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്.

