പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് നെയ്യാറ്റിന്‍കരയിലെ കുട്ടികളെ സന്ദര്‍ശിച്ച കളക്ടര്‍, വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നെന്ന് കുട്ടികള്‍, പ്രതിഷേധങ്ങൾക്കൊടുവിൽ അമ്പിളിയുടെ മൃതദേഹം അടക്കി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടെ മരിച്ച ദമ്പതികളുടെ മക്കളെ സന്ദര്‍ശിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിങ് ഖോസ. അച്ഛന് സമീപം അമ്മയെയും സംസ്‌കരിക്കണമെന്ന് മക്കള്‍ കളക്ടറോട് ആവശ്യപ്പെട്ടു. കളക്ടറുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നുവെന്ന് കുട്ടികള്‍ അറിയിച്ചു.

അമ്പിളിയുടെ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ പ്രതിഷേധ സമരം അവസാനിപ്പിച്ചു. കളക്ടറുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

നേരത്തെ അമ്പിളിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കണമെന്ന് ഉറപ്പ് നല്‍കണമെന്നും പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് കളക്ടര്‍ കുട്ടികളെ സന്ദര്‍ശിച്ചത്.പ്രതിഷേധങ്ങൾക്കൊടുവിൽ അമ്പിളിയുടെ മൃതദേഹം അടക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →