ഒറ്റപ്പാലം: അമ്മക്ക് ചെലവിന് നല്‍കാത്ത മകന് തടവ് ശിക്ഷ.ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണല്‍ കോടതിയാണ് ഒരു മാസത്തെ തടവു ശിക്ഷ വിധിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അര്‍ജുന്‍ പാണ്ഡ്യന്റേതാണ് വിധി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ സ്വദേശിയായ 57-കാരനെ അറസ്റ്റു ചെയ്തു.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമപ്രകാരമാണ് നടപടി.
75 വയസുകാരിയായ മാതാവ് 2019 ജൂലായ് ഏഴിനാണ് പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. 2020 സെപ്റ്റംബര്‍ 23-ന് മൂത്തമകനോട് മാസത്തില്‍ 4,000 രൂപയും മറ്റു രണ്ട് മക്കളോട് 3,000 രൂപവീതവും അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കോ മണിയോര്‍ഡറായോ അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.ഇത് പാലിക്കാന്‍ മൂത്തമകന്‍ തയ്യാറായില്ല. ഇതോടെയാണ് തടവു ശിക്ഷ നടപ്പിലാക്കാൻ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുകൂടിയായ ഒറ്റപ്പാലം സബ് കളക്ടര്‍ ഉത്തരവിട്ടത്.

