വാഹനങ്ങളില്‍ ജാതി സ്റ്റിക്കർ പതിപ്പിക്കരുത്; കർശന നടപടിയെന്ന് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്

ലക്‌നൗ: വാഹനങ്ങളില്‍ ജാതി സ്റ്റിക്കര്‍ പതിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

യാദവ്, ജാട്ട്, ഗുജര്‍, ബ്രാഹ്മണന്‍, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ തുടങ്ങിയ ജാതികളില്‍പ്പെട്ട ചിലര്‍ തങ്ങളുടെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാറുണ്ട്. ഇത് അനുവദിക്കില്ല.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ (പിഎംഒ) നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ അദ്ധ്യാപകനായ ഹര്‍ഷല്‍ പ്രഭു പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിഎംഒ നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് വിവരം.

ജാതി സ്റ്റിക്കറുകള്‍ പതിപ്പിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന് എല്ലാ പ്രാദേശിക ഗതാഗത ഓഫീസുകള്‍ക്കും (ആര്‍ടിഒ)അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുകേഷ് ചന്ദ്ര നിര്‍ദേശം നല്‍കി. ഇത്തരം സ്റ്റിക്കറുകള്‍ പ്രദര്‍ശിപ്പിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.

ജാതി സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ ഒട്ടിക്കാന്‍ പാടില്ലെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കാണ്‍പൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡി കെ ത്രിപാഠി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →