കണ്ണൂര്‍: തോക്കില്‍ നിന്നും വെടിപൊട്ടി ദുരൂഹ സാഹചര്യത്തില്‍ കര്ഷകന് മരിച്ചു. കാപ്പിമല മഞ്ഞപ്പുല്ലിലെ വടക്കുംകര മനോജാണ് മരിച്ചത്. 3/12/2020 വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം, കൃഷിയിടത്തിലിറങ്ങുന്ന പന്നികളെ വെടിവെക്കാനായി സൂക്ഷിച്ച ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. പോലീസ് അന്വേഷണം തുടങ്ങി. വെടി ശബ്ദം കേട്ട അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ വീടിനടുത്ത പറമ്പില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മനോജ്.
നെഞ്ചിന്റെ വലതുഭാഗത്താണ് വെടിയേറ്റത്. നാട്ടുകാര്‍ ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ ആലക്കോട് പോലീസ് വിശദമായ പരിശോധന നടത്തി. പരിസരത്തുനിന്നും നാടന്‍ തോക്ക് കണ്ടെടുത്തു. മഞ്ഞപ്പുല് മേഖലയില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാണ് .
കഴിഞ്ഞ ദിവസം മനോജിന്റെ കൃഷിയിടത്തിലെ വാഴകള്‍ പന്നി നശിപ്പിച്ചിരുന്നു. പന്നികളെ വെടി വെക്കാന്‍ ഒളിപ്പിച്ചുവച്ച തോക്കെടുത്തപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടിയെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

