ഹരിപ്പാട്: കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നാലര കിലോ സ്വര്‍ണവും നാലു ലക്ഷം രൂപയും കവര്‍ന്ന കേസിലെ മുഖ്യ പ്രതി പാറക്കാണി മേക്കുംകര വീട്ടില്‍ ആല്‍ബിന്‍ രാജിനെ (ഷൈജു – 39) പോലീസ് പിടികൂടിയത് അതിസാഹസികമായ സിനിമാറ്റിക് രംഗങ്ങൾക്കൊടുവിൽ.
തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് സ്വദേശിയായ ആൽബിൻ രാജിനെ കോയമ്പത്തൂരില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. 17-10-2020 വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. ബാങ്കിൽ നിന്നു മോഷ്ടിച്ച 4.850 കിലോ സ്വര്‍ണ്ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു.
ഇയാളെ അതിസാഹസികമായാണ് പിടികൂടിയതെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ബാങ്ക് കവർച്ച കേസിൽ ഇതോടെ മൂന്നു പ്രതികളും അറസ്റ്റിലായി. ഹരിപ്പാട് ആര്‍.കെ ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളില്‍ വീട്ടില്‍ ഷൈബു (അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാല്‍ തമ്പിക്കോണം പാവോട് വഴിയില്‍ മേലേപ്ളാവിട വീട്ടില്‍ ഷിബു (43) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പിന്നീടാണ് ആൽബിൻ രാജിനെ 2020 ഒക്ടോബർ 17 ന് പിടികൂടിയത്.
മോഷണത്തിലൂടെ കോടീശ്വരനായ ആളാണ് ആൽബിൻ രാജ്. ടെക്സ്റ്റൈൽ ഷോപ്പ്, ഏക്കർക്കണക്കിന് ഭൂമി എന്നിവയുടെ മുതലാളിയാണ് ആൽബിൻ . ആസ്തികൾ തമിഴ്നാട്ടിലാണ് ഉള്ളത്. കേരളത്തിൽ നിന്നും മോഷ്ടിച്ചെടുത്ത പണത്തിൽ നിന്നാണ് ഈ ബിസിനസുകൾ തുടങ്ങിയത്. വിദഗ്ധമായി മോഷണം നടത്താൻ ഉള്ള കഴിവ് അയാൾക്കുണ്ട്. ഒരു സ്ക്രൂ ഡ്രൈവറും ചുറ്റികയും ഉണ്ടെങ്കിൽ ഏതു പൂട്ടും ആൽബിന്‍ തുറക്കും. കൂട്ടാളികളുടെ ആവശ്യം ആൽബിനില്ല. വലിയ കെട്ടിടങ്ങളും സ്ഥാപനങ്ങളും കൊള്ളയടിക്കാനുള്ള വിരുതുമുണ്ട്. തിരുവനന്തപുരത്ത് നടത്തിയ മോഷണത്തിനിടെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടി തല്ലി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി കോയമ്പത്തൂർ സ്വദേശിനിയെ വിവാഹം കഴിച്ചതിനു ശേഷമാണ് തട്ടകം തമിഴ്നാട്ടിലേക്ക് മാറ്റിയത്. ഭൂതപ്പാണ്ടി, ആരുവാമൊഴി നഗർ, വള്ളിയൂർ, തോവാള, നേശമണിനഗർ, തക്കല, കുലശേഖരം എന്നിവിടങ്ങളിൽ മോഷണത്തിൽ പോലീസ് പിടികൂടിയിരുന്നു.
ഇരുപതിനായിരം രൂപ വാടക ഇരുനില വീട്ടിലാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. കോയമ്പത്തൂർ കോവൈ പുതൂർ രംഗസ്വാമി നഗറിൽ മാന്ത്രിമാർ ഉൾപ്പെടെ വിഐപി കൾ താമസിക്കുന്നയിടത്താണ് താമസം.
ആൽബിൻ രാജിന്റെ തിരച്ചിൽ നടത്താനായി തമിഴ്നാട് രംഗസ്വാമി നഗറിൽ എത്തിയ കേരള പോലീസ് രണ്ടു വാഹനങ്ങളിലായി ഈ പ്രദേശത്ത് തങ്ങി. പ്രതി പുറത്തിറങ്ങുമ്പോൾ പിടിക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ പരിചയമില്ലാത്ത ആളുകൾ വാഹനത്തിൽ വിഐപി ഏരിയയിൽ നിൽക്കുന്നത് കണ്ട സമീപവാസികൾ സംശയിച്ചു. ഫോട്ടോയെടുത്ത് തമിഴ്നാട് പോലീസിനെ ഏൽപ്പിച്ചു. പോലീസ് വേഷത്തിൽ അല്ലാത്തത് കൊണ്ടാണ് തെറ്റിദ്ധരിപ്പിക്കപ്പെട്ടത്. അഞ്ചുമിനിറ്റിനുള്ളിൽ തമിഴ്നാട് പോലീസ് സംഘം അവിടെയെത്തി കേരള അന്വേഷണ സംഘത്തെ ചോദ്യം ചെയ്തു. തിരിച്ചറിയൽ കാർഡ് കാണിച്ചാണ് തെറ്റിദ്ധാരണ തിരുത്തിയത്.
കെട്ടിടത്തിലെ രണ്ടാം നിലയിൽനിന്ന് ആൽബം രാജ്യത്തെ ഭാര്യ പോലീസിനെ കണ്ടതോടെ വാതിലടച്ചു. നാലുവശവും പോലീസിനെക്കണ്ട് പ്രതി മട്ടുപ്പാവിലെ വാതിലിലൂടെ പുറത്തുചാടി വാതിൽ പുറത്തുനിന്ന് പൂട്ടി. വീടുകൾക്ക് മുകളിലൂടെ ചാടി രക്ഷപ്പെടാൻ നോക്കി പോലീസ് വെള്ളത്തിന്റെ പൈപ്പു വഴി ഇരുനില കെട്ടിടത്തിന് മുകളിൽ കയറി. എട്ട് വീടുകളാണ് പ്രതിയും പോലീസും ചാടി കടന്നത്. ഒടുവിൽ വീടിൻറെ മുകളിൽ നിന്ന് താഴെയുള്ള കാറുകളിലെ മുകളിലേക്ക് ചാടി. അവിടെനിന്ന് ഓടിയ പ്രതിയെ മൂന്ന് കിലോമീറ്ററോളം ഓടിച്ചിട്ടാണ് കീഴ്പ്പെടുത്തിയത്. പ്രതിയിൽ നിന്നും 4.83 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനുമുമ്പ് മുമ്പ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയായ ഷിബു ഒന്നരക്കിലോ സ്വർണം തിരുവനന്തപുരംസ്വർണക്കടയിൽ വിറ്റതായി മൊഴി നൽകിയിരുന്നു. ആൽബിൻ രാജിനെ പിടിച്ചതോടെ കേസിലെ പ്രധാന മൂന്ന് പ്രതികളും അറസ്റ്റിലായി. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ ഇതിനുമുമ്പ് കണ്ടെത്താനാവാത്ത പല കേസുകളും തെളിയിക്കാനാകും എന്നാണ് എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

