മലപ്പുറം: ഒന്നര വയസ്സുള്ള കുട്ടി 50 അടി താഴ്ചയുള്ള കിണറ്റിൽ വീണു. രക്ഷാപ്രവർത്തനത്തിനിറങ്ങിയ കുട്ടിയുടെ സഹോദരനും പിതാവും കിണറ്റിൽ അകപ്പെട്ടു. അഗ്നിരക്ഷാസേന എത്തി ഇരുവരെയും രക്ഷിച്ചു. മലപ്പുറം തൃക്കലങ്ങോട് ചീനിക്കൽ സ്വദേശി അഹമ്മദ് മാലിക് (1.5) ആണ് കിണറ്റിൽ വീണത്. കുട്ടിയുടെ സഹോദരൻ അഹമ്മദ് അസൈൻ (19), പിതാവ് ഹബീബ് റഹ്മാൻ എന്നിവരാണ് കിണറ്റിൽ അകപ്പെട്ടത്. മഞ്ചേരി അഗ്നിരക്ഷാസേന യാണ് രക്ഷപ്പെടുത്തിയത്. 06-07-2020 ചൊവ്വാഴ്ചയാണ് സംഭവം.
ഒന്നര വയസ്സുള്ള അഹമ്മദ് മാലിക് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കിണറ്റിൽ വീണത്. കിണറിന് 50 അടി താഴ്ചയാണ് ഉള്ളത്. 12 അടി വെള്ളവും ഉണ്ട്. ഇത്രയും ആഴത്തിലുള്ള കിണറ്റില്‍ വീണാല്‍ ഒക്സിജന്‍ ലഭ്യത കുറയും. കുട്ടി വീഴുന്നത് കണ്ട അമ്മ ഉറക്കെ നിലവിളിച്ചു. നിലവിളികേട്ട് വീട്ടിനകത്ത് ഉണ്ടായിരുന്ന സഹോദരൻ അഹ്മദ് അസൈൻ കിണറിലേക്ക് എടുത്തു ചാടി. വെള്ളത്തിൽ മുങ്ങിത്താഴുന്ന കുട്ടിയെ ബക്കറ്റിൽ ഇരുത്തി നാട്ടുകാരുടെ സഹായത്തോടെ മുകളിലേക്ക് കയറ്റി. എന്നാൽ തളർന്ന് അവശനായ അഹമ്മദ് അസൈന് മുകളിലേക്ക് കയറാൻ സാധിച്ചില്ല. വിവരമറിഞ്ഞ് എത്തിയ അവരുടെ പിതാവ് ഹബീബ് റഹ്മാൻ അസൈനിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. ഇരുവരും കയറാൻ സാധിക്കാതെ കിണറ്റിൽ അകപ്പെട്ടു. നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. മഞ്ചേരി അഗ്നിരക്ഷാസേന എത്തി ഇരുവരെയും കരയ്ക്ക് കയറ്റി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

