ലക്നൗ: ഹാത്രാസിൽ 19 കാരിയായ പെൺകുട്ടിയുടെ മൃതദേഹം അർദ്ധരാത്രിയിൽ തന്നെ ദഹിപ്പിച്ചത് ബന്ധുക്കളുടെ സമ്മതത്തോടെയെന്ന് ഉത്തർപ്രദേശ് പൊലീസ്.
സുപ്രീം കോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിലാണ് പൊലീസിൻ്റെ പരാമർശം. ‘അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അസാധാരണമായ നടപടികള്‍ പൊലീസിന് സ്വീകരിക്കേണ്ടി വന്നത് .
സംഘര്‍ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം അര്‍ധരാത്രി തന്നെ സംസ്‌ക്കരിച്ചത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ഇത് ചെയ്തതെന്നും പൊലീസ് കോടതി മുൻപാകെ പറഞ്ഞു. സിബിഐ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകണം. നിക്ഷിപ്ത താത്പര്യക്കാർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഉത്തർപ്രദേശ് സർക്കാർ ആരോപിച്ചു.
എന്നാൽ പൊലീസിൻ്റെ അവകാശവാദത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം രംഗത്തു വന്നു. “പൊലീസ് പറയുന്നത് പച്ചക്കള്ളമാണ്. തങ്ങളോട് ചോദിച്ചിട്ടല്ല മൃതദേഹം ദഹിപ്പിച്ചത്. പ്രദേശത്ത് ഒരു സംഘർഷാവസ്ഥയും ഉണ്ടായിരുന്നില്ല.” പെൺകുട്ടിയുടെ മാതൃസഹോദരി മാധ്യമങ്ങളോടു പറഞ്ഞു.
പൊലീസ് സംസ്കരിച്ച മൃതദേഹം ആരുടെതാണെന്നറിയാത്തതിനാൽ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ല എന്ന് കുടുംബം നേരത്തേ വ്യക്തമാക്കിയിരുന്നു.

