ഡൽഹി: ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചതിനു തൊട്ടു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആംനസ്റ്റി ഇൻ്റർനാഷണൽ രംഗത്തെത്തി.
” ഒരു ലക്ഷത്തോളം ഇന്ത്യക്കാരിൽ നിന്ന് നിയമപരമായി സംഭാവന സ്വീകരിച്ചാണ് ആംനസ്റ്റി ഇന്ത്യയിലെ പ്രവർത്തനം നടത്തുന്നത് . മനുഷ്യാവകാശ സംഘടനകളെ ക്രിമിനൽ സംഘങ്ങളെന്ന നിലയിൽ കാണുകയാണ് കേന്ദ്ര സർക്കാർ. രണ്ട് വർഷമായി ആംനസ്റ്റിയെ വേട്ടയാടുകയാണ്. രാജ്യത്ത് ഭയത്തിൻ്റെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്”
ആംനസ്റ്റിയുടെ ഇന്ത്യയിലെ എക്സിക്യുട്ടീവ് ഡയറക്ടർ അവിനാഷ് കുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്നാരോപിച്ച് ചൊവ്വാഴ്ച (29/09/2020)യാണ് തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് ആംനസ്റ്റി പ്രഖ്യാപിച്ചത്.
സംഘടനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സർക്കാർ മരവിപ്പിച്ചതായും , സി ബി ഐ , എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എന്നിവയെ ഉപയോഗിച്ച് സംഘടനയെ നിരന്തരം വേട്ടയാടുന്നതായും സംഘടന ആരോപിക്കുന്നു. വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘിച്ചു എന്ന പേരിൽ സി ബി ഐ കേസെടുത്തിരുന്നു.
ജമ്മു കാശ്മീർ പ്രശ്നം , ഡൽഹി കലാപം തുടങ്ങിയവയിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർടുകൾ ആംനസ്റ്റി പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് സംഘടനയെ ഇന്ത്യയിൽ നിന്നും പുറത്താക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് ആംനസ്റ്റിയുടെ ഒരു മുൻ ഡയറക്ടർ പറഞ്ഞു.
150 -ലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയാണ് ആംനസ്റ്റി ഇൻ്റർനാഷണൽ. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ സംഘടനയിൽ 80 ലക്ഷത്തോളം അംഗങ്ങളുണ്ട്. ലോകമെങ്ങുമുള്ള യുദ്ധ കുറ്റകൃത്യങ്ങൾ , സർക്കാരുകളുടെയും ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെയും മനുഷ്യാവകാശ ലംഘനം , തടവറകളിലെ പീഡനങ്ങൾ, അഭയാർത്ഥി പ്രശ്നങ്ങൾ തുടങ്ങിയവ വെളിച്ചത്തു കൊണ്ടു വരുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സംഘടനയാണ് ആംനസ്റ്റി.

