പാലക്കാട്: പാലക്കാട് കോങ്ങാട് നിന്നും വ്യാജചാരയവുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നാമ്പുളളിക്കര പുതുപ്പറമ്പില്‍വീട്ടില്‍ ജോണ്സണ്,നാമ്പുളളിക്കര വലിയപറമ്പില്‍ രാധാകൃഷ്ണന്, പുതുപ്പറമ്പില്‍ തോമസ് എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് മാനിന്റെ കൊമ്പോടുകൂടിയ തലയോട്ടിയും, രണ്ടര ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും കണ്ടെത്തി.
ഓണത്തോടനുബന്ധിച്ചാണ് കയറംകോട്, നാമ്പുളളിക്കര, അത്താണിപറമ്പില്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നത്. തോമസിന്റെ പക്കല്‍ നിന്ന് ഒരുലിറ്റര്‍ ചാരായവും, ജോണ്‍സന്റെ വീട്ടില്‍ നിന്ന് മാന്‍കൊമ്പും 100 ലിറ്റര്‍ വാഷും ഒന്നരലിറ്റര്‍ ചാരായവും ആണ് ലഭിച്ചത്. റബ്ബര്‍തോട്ടത്തില്‍ നിന്നാണ് വാഷ് കണ്ടെത്തിയത്. മൈലംപുളളി കേന്ദ്രീകരിച്ച വാറ്റ് നടക്കുന്നു വെന്ന രഹസ്യ വിവരം ലഭിച്ചതിനേ തുടര്‍ന്നാണ് പോലീസ് ഈ ഭാഗത്ത് റെയ്ഡ് നടത്തിയത്.
പ്രതികള്‍ക്കെതിരെ അബ്ക്കാരി ആക്ട് പ്രകാരം കേസെടുത്തു. ജോണ്‍സണും രാധാകൃഷ്ണനും മുമ്പും നിരവധി കേസുകളില്‍ പ്രതികളാണ് . കോവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. ജോണ്‍സണില്‍ നിന്നും പിടിച്ചെടുത്ത മാന്‍കൊമ്പ് വനം വകുപ്പിന് കൈമാറും.




