തിരുവനന്തപുരം | മേയ് 29
പിണറായി വിജയന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം അതീവ ഗുരുതര കുറ്റമാണെന്നും നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെയാണ് കേന്ദ്ര ഏജൻസി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
റെയ്ഡ് സംബന്ധിച്ച വിവരം ഇഡി മുൻകൂട്ടി പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സ്ഥലത്ത് വലിയ ജനക്കൂട്ടം കൂടിയതോടെ ക്രമസമാധാന പ്രശ്നം ഒഴിവാക്കാനാണ് പൊലീസ് വിന്യസിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും പൊലീസ് സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് വലിയ സംഘർഷം ഒഴിവാക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ ഇഡി കേസ് വന്നപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഇഡി വാഹനങ്ങൾ ആക്രമിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി 56 മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനായിരുന്നുവെന്നും കേസ് രാഷ്ട്രീയമായി നേരിട്ടതാണെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം കരുതുന്നുവെങ്കിൽ അതിനെ രാഷ്ട്രീയമായി തന്നെ നേരിടാമെന്നും എന്നാൽ അക്രമം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന അന്വേഷണത്തെ വിമർശിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് നിർദേശിക്കാൻ സർക്കാരിന് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.