ബെർലിൻ | മേയ് 29
യൂറോപ്യൻ രാജ്യങ്ങളിൽ ചരിത്രത്തിലെ ഏറ്റവും കടുത്ത മേയ് മാസ ചൂട് അനുഭവപ്പെടുന്നു. പടിഞ്ഞാറൻ യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന ‘ഹീറ്റ് ഡോം’ പ്രതിഭാസമാണ് അസാധാരണ താപനിലയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, അയർലൻഡ്, ഇറ്റലി, സ്പെയിൻ, ഓസ്ട്രിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് കനത്ത ഉഷ്ണതരംഗം തുടരുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പോലെ അത്യുഷ്ണമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ഫ്രാൻസിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മേയ് മാസമാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ചൂടുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ അഞ്ച് പേർ ചൂടിൽ നിന്ന് രക്ഷപ്പെടാൻ പുഴകളിലും തടാകങ്ങളിലും ഇറങ്ങിയപ്പോൾ മുങ്ങിമരിച്ചവരാണ്.
ബ്രിട്ടനിലും റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ ഇറങ്ങിയ നാല് കൗമാരക്കാർ ഇംഗ്ലണ്ടിൽ മുങ്ങിമരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ജർമ്മനിയിൽ താപനില 31 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട അയർലൻഡിലും റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ് ഈ അത്യുഷ്ണമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മേധാവി സൈമൺ സ്റ്റീൽ മുന്നറിയിപ്പ് നൽകി. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രായമായവരും കുട്ടികളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിലത്ത് പോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദേശം നൽകി.
അതേസമയം അന്താരാഷ്ട്ര എയർ ക്വാളിറ്റി മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ എക്യുഐയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ചൂടേറിയ ആദ്യ 45 നഗരങ്ങളും ഇന്ത്യയിലാണെന്ന് റിപ്പോർട്ടുണ്ട്.