കോട്ടയം | രാജ്യത്ത് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്ന ബി ജെ പി നിലപാട് രാഷ്ട്രീയ ഭീകരതയാണെന്ന് കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനും എം പിയുമായ ജോസ് കെ മാണി. രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇ ഡി കേസുകളില്‍ 98 ശതമാനവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ
രാജ്യത്ത് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ ഡി കേസുകളില്‍ 98 ശതമാനവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണെന്നും ഇതില്‍ കേവലം രണ്ട് അല്ലെങ്കില്‍ മൂന്ന് ശതമാനം ആളുകളെ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. ഈ കണക്കുകള്‍ തന്നെ നിലവിലെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവാണ്. വിഷയത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കരുത്തുണ്ടെന്നും കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ജോസ് കെ മാണി വ്യക്തമാക്കി.