ന്യൂഡൽഹി: ബക്രീദ് ആഘോഷത്തിനു മുന്നോടിയായി ഗോവധം പൂർണമായും നിരോധിക്കുന്ന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. അഖില ഭാരത ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സമർപ്പിച്ച ഹർജിയാണു സുപ്രീംകോടതി പരിഗണിച്ചത്. എന്നാൽ വിഷയത്തിൽ അടിയന്തര വാദം ആവശ്യമില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് സൂര്യകാന്ത അധ്യക്ഷനായ ബെഞ്ച്, ബക്രീദിന് ഒരു ദിവസം മുന്പാണോ ഹർജിക്കാരൻ വിഷയം ഓർമിച്ചതെന്ന ചോദ്യവും ഉന്നയിച്ചു. കശാപ്പുശാലകൾ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്കു മാർഗനിർദേശം നൽകാനും ഹർജിയിൽ ആവശ്യമുണ്ട്.
മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യാൻ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചിരുന്നു
പശ്ചിമബംഗാളിൽ കഴിഞ്ഞദിവസം മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യാൻ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചിരുന്നു. 2018ലെ ഹൈക്കോടതി ഉത്തവ് നടപ്പാക്കുക മാത്രമാണു ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബക്രീദിനുമുന്പായി പശ്ചിമബംഗാളിൽ കശാപ്പ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ച സർക്കാർ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.