തിരുവനന്തപുരം | കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ 2025 ഒക്ടോബര്‍ 25ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ച എം എന്‍ സ്മാരക ലക്ഷം വീട് കോളനി നിവാസികളുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്കാന് മന്ത്രിസഭാ യോഗം അനുമതി നല്കി. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കാണ് തുക നല്‍കുക. സ്ഥലം വാങ്ങി വീട് നിര്‍മിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും സഹായം. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ക്വാറിയിംഗ് പ്രവര്‍ത്തനത്തിന് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രവര്‍ത്തനാനുമതി നല്കാന് തീരുമാനിച്ചു.
പതിച്ചു നല്കിയ ഭൂമി ക്വാറിയിംഗ് പ്രവര്‍ത്തനത്തിന് വേണ്ടി ക്രമവത്കരിക്കുന്ന സമയത്ത് ചട്ടപ്രകാരമുള്ള ഫീസ് അടച്ചുകൊള്ളാം എന്ന സത്യവാങ്മൂലം ക്വാറി ഉടമകളില്‍ നിന്നും വാങ്ങിയും, ക്വാറി ഉടമകളില്‍ നിന്നും ചട്ടപ്രകാരം ഈടാക്കേണ്ട ബേങ്ക് ഗ്യാരണ്ടി വാങ്ങിയും പ്രവര്‍ത്തനാനുമതി നല്കാന് തീരുമാനിച്ചു. പതിച്ചു നല്കിയ ഭൂമിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാറികളെ ക്രമവത്കരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ആയെങ്കിലും ഫീസ് സ്വീകരിക്കുന്ന പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ കാരണം കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്. ക്വാറി പ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റു എല്ലാ ലൈസന്‍സുകളും ലഭിച്ചിട്ടുള്ള പക്ഷം, ധനകാര്യവകുപ്പും നിയമ വകുപ്പും അംഗീകരിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുക.


