തിരുവനന്തപുരം: എക്സൈസ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്നും 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആനയറ സ്വദേശി ആകാശ് കൃഷ്ണൻ പിടിയിൽ. പോലീസിനെ ബോംബെറിഞ്ഞ കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും കടിച്ചു പരിക്കേൽപ്പിച്ചു.
