ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ കുടിവെള്ളം ഉള്ളിൽച്ചെന്നതിനെത്തുടർന്നുള്ള മരണം 14 ആയതായി റിപ്പോർട്ട്. ആറു മാസം പ്രായമുള്ള പിഞ്ചുകുട്ടി ഉൾപ്പെടെ 15 പേർ മരിച്ചതായി പ്രദേശവാസികളാണു വ്യക്തമാക്കിയത്. അതേസമയം, നാലുപേർ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതെങ്കിലും പത്തുപേർ മരിച്ചതായി വിവരം ലഭിച്ചുവെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ് അറിയിച്ചു.
ശുചിമുറി മാലിന്യം കുടിവെള്ളവുമായി കൂടിക്കലർന്നതായി സംശയം : കൂടുതൽ വിശദീകരണത്തിനില്ലെന്ന് ആരോഗ്യവകുപ്പ്
കുടിവെള്ള പൈപ്പ് ചോർന്ന് മലിനജലവുമായി കൂടിക്കലർന്നുവെന്ന് സ്ഥിരീകരിച്ചതായി ഇൻഡോർ മെഡിക്കൽ കോളജിലെ പരിശോധനയിൽ കണ്ടെത്തിയതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു. വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. കൂടുതൽ വിശദീകരണത്തിനില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഭരീരഥ്പുര പോലീസ് ഔട്ട്പോസ്റ്റിനു സമീപം കുടിവെള്ള വിതരണശൃംഖലയിലെ മുഖ്യലൈനിലാണു ചോർച്ച കണ്ടെത്തിയത്. ഒരു ശുചിമുറിയും തൊട്ടടുത്തുണ്ട്. ശുചിമുറി മാലിന്യം കുടിവെള്ളവുമായി കൂടിക്കലർന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
ഛർദിയും വയറിളക്കവും ബാധിച്ച 1400 ലധികം പേർ ചികിത്സ തേടി
ഒന്പത് ദിവസത്തിനിടെ ഛർദിയും വയറിളക്കവും ബാധിച്ച 1400 ലധികം പേർ ചികിത്സ തേടി. ഇതിൽ 272 പേർ ആശുപത്രിയിൽ തുടരുകയാണ്.വൃത്തിയുടെ നഗരമെന്ന് അവകാശപ്പെടുന്ന ഇൻഡോറിലുണ്ടായ നാണക്കേടിൽനിന്നു രക്ഷപ്പെടാൻ സർക്കാർ കടുത്ത നടപടി തുടങ്ങി. അഡീഷണൽ കമ്മീഷണർ ഉൾപ്പെടെ ഏതാനും ജീവനക്കാരെ സ്ഥലംമാറ്റി. കോർപറേഷൻ കമ്മീഷണർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മൂന്ന് അഡീഷണൽ കമ്മീഷണർമാരെ അധികമായി നിയോഗിച്ചിട്ടുമുണ്ട്.
