എറണാകുളം: തലയോലപറമ്പ് റോഡിലെ നീർപ്പാറ അസീസി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും ഇരുമ്പനത്തെ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ പ്ലാൻ്റിലേയ്ക്ക് സിലണ്ടറുകൾ എടുക്കുവാൻ പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറിയുടെ മുൻവശത്തു നിന്നും പുക കണ്ടതോടെ ഡ്രൈവർ കോട്ടയം സ്വദേശി രാഹുൽ ലോറി റോഡരുകിലേക്ക് ഒതുക്കി നിർത്തി. സംഭവം കണ്ട് ഓടിയെത്തിയവർ സമീപത്തെ വർക്ക് ഷോപ്പിൽ നിന്നും പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തുവെങ്കിലും തീയണഞ്ഞില്ല. പിന്നീട് മുളന്തുരുത്തിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. അപകടത്തെ തുടർന്ന് പാതയിൽ രണ്ട് മണിക്കൂർ ഗതാഗത സ്തംഭനം ഉണ്ടായി. സിലിണ്ടറുകൾ കാലി ആയതിനാലും ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതും മൂലം വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ലോറി നിർത്തി പുറത്തിറങ്ങിയതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

