റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ബാലതാരം; സിനിമാ സംവിധായകൻ സൂര്യകിരൺ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു സൂര്യകിരൺ. തിങ്കളാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്ത’നിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. പിന്നീട് തെലുങ്ക് സിനിമയിൽ അഭിനേതാവായും സംവിധായകനായുമായിരുന്നു സൂര്യകിരണിൻ്റെ രണ്ടാം വരവ്. നടി കാവേരി സൂര്യകിരണിന്റെ ഭാര്യയായിരുന്നു. ഇവർ പിന്നീട് ബന്ധം വേർപെടുത്തി. മലയാളത്തിലുൾപ്പെടെ നിരവധി ചിത്രങ്ങളിൽ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി.

ബാലതാരമായി 200-ലേറെ ചിത്രങ്ങളിൽ വേഷമിട്ട ശേഷമാണ് സൂര്യകിരൺ സംവിധാനത്തിലേക്ക് തിരിഞ്ഞത്. 1978-ൽ പുറത്തിറങ്ങിയ ‘സ്നേഹിക്കാൻ ഒരു പെണ്ണ്’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ‘മൗന​ഗീതങ്ങൾ’, ‘സത്യഭാമ’, ‘പടിക്കാത്തവൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2003-ൽ സത്യം എന്ന ചിത്രമാണ് ആദ്യ സംവിധാനം. ‘ധന 51 ‘, ‘ബ്രഹ്മാസ്ത്രം’, ‘രാജു ഭായി’, ‘ചാപ്റ്റർ 6 ‘ എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ. പിന്നീട് നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘അരസി’ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് ഇദ്ദേഹം തിരിച്ചു വരവ് നടത്തിയിരുന്നു. ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് സൂര്യകിരണിന്റെ അപ്രതീക്ഷിത വിയോഗം. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *