പാലിയേക്കര ടോൾപ്ലാസ റെയ്ഡ്: റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി

മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിർമാണം ഏറ്റെടുത്ത ജി.ഐ.പി.എൽ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇഡി മരവിപ്പിച്ചു. കമ്പനിയുടെ പാലിയേക്കരയിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഇഡി അറിയിച്ചു.

ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം ഏറ്റെടുത്തു നടത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പങ്കാളിയായ ഭാരത് റോ‍ഡ് നെറ്റ് വർക് ലിമിറ്റഡ് എന്നിവര്‍ ഉദ്യോഗസ്ഥ ഒത്താശയോടെ 102 കോടിയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കമ്പനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയത്. 2006 മുതൽ 2016 വരെയുള്ള റോഡ് നിർമാണത്തിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇഡി കണ്ടെത്തിയത്.

കരാർ പ്രകാരമുളള നി‍ർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുമതി നൽകി, ബസ് ബേകളുടെ നിർമാണം പൂർത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചു തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍. കൂടാതെ ടോൾ വഴി പിരിഞ്ഞുകിട്ടിയ തുക കരാർ കന്പനി നിക്ഷേപിച്ചത് മ്യൂച്ചൽ ഫണ്ടുകളിലാണെന്നും കണ്ടെത്തി. ജി.ഐ.പി.എല്ലിന്‍റെ 125 കോടി രൂപയുടെ ഇടപാടുകൾ മരവിപ്പിച്ചതായി ഇഡി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കത്ത് നൽകി. അഴിമതിക്ക് കൂട്ട നിന്ന ദേശീയ പാത ഉദ്യോഗസ്ഥരെപ്പറ്റിയും അന്വേഷണം ഉണ്ടാകുമെന്നും ഇഡി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →