കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ ബാറിൽ ആക്രമണം നടത്തിയതിന് ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ച പ്രതികൾ സ്റ്റേഷൻ ജാമ്യത്തിലിറങ്ങി ബാർ മാനേജറെ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ മുരുന്തൽ സ്വദേശി ഷിബു കുര്യാക്കോസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കൂട്ട ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്കായിരുന്നു മർദ്ദനം.
രാത്രി ഒൻപത് മണിക്ക് ബാറിൽ എത്തിയ പ്രതീഷും സുഹൃത്തും മറ്റ് രണ്ട് യുവാക്കളുമായി വാക്ക് തർക്കത്തിലായി. ബാറിലെ ഫ്രീസറും ഉപകരണങ്ങളും അടിച്ചുതകർത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതീഷിനേയും സുഹൃത്തിനേയും ബാർ ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഒരുമണിക്കൂറിനകം സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ സംഘം ഗുണ്ടകളെ വിളിച്ചുകൂട്ടി ബാറിലെത്തി.
സ്കൂട്ടറിൽ വരികയായിരുന്ന ബാർ മാനേജർ ഷിബുവിനെ നിലത്തിട്ട് ചവിട്ടി. തലയ്ക്കുൾപ്പെടെ ശരീരമാസകലം പരിക്കേറ്റ ഷിബു ചികിത്സയിലാണ്. രാഷ്ട്രീയ പിൻബലത്തിലാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയതെന്ന വിമർശനം ഉയരുന്നുണ്ട്. പത്തുപേർക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. കസ്റ്റഡിയിലെടുത്ത് ഉടൻ തന്നെ പ്രതികളെ ജാമ്യത്തിൽ വിട്ടതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്.




