വയനാട് : കഴിഞ്ഞ ഒന്നര മാസമായി വയനാട് പനവല്ലി പ്രദേശത്ത് ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വയ്ക്കാൻ വനം വകുപ്പ് ഉത്തരവിറക്കി. കടുവയ്ക്കായുള്ള തിരച്ചിൽ 2023 സെപ്തംബർ 25ന് ആരംഭിക്കും.
ഊണും ഉറക്കവും ഇല്ലാത്ത ഭീതിജനകമായ ദിനങ്ങളിലൂടെയാണ് വയനാട് പനവല്ലി നിവാസികൾ കടന്നു പോകുന്നത്. പ്രദേശത്ത് ഭീതിവിതക്കുന്ന കടുവയെ പിടികൂടാൻ മൂന്നു കൂടുകൾ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കിയത്. വ്യദ്ധദമ്പതികൾ താമസിക്കുന്ന വീട്ടിനകത്തുവരെ കഴിഞ്ഞ ദിവസം കടുവ എത്തി. തലനാരിഴക്ക് ആണ് ഇവർ രക്ഷപ്പെട്ടത്. ഇതിനിടെ ആക്ഷൻ കൗൺസിൽ രൂപികരിച്ച് നാട്ടുകാർ പ്രതിഷേധവും ആരംഭിച്ചിരുന്നു.
ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫിസിൽ ഉന്നതതല യോഗം ചേർന്നു. മുത്തങ്ങ വെറ്റിനറി സർജൻ ഡോ. അജീഷിന്റെ നേതൃത്വത്തിൽ കടുവയെ വെടിവച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി.

