നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല. താരത്തെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് വർഷത്തേക്കാണ് സുരേഷ് ഗോപിയെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ ഗോപി ഇക്കാലയളവിൽ നിർവഹിക്കും.
സുരേഷ് ഗോപിയുടെ പുതിയ ചുമതല പ്രഖ്യാപിച്ച ശേഷം അനുരാഗ് ഠാക്കൂർ താരത്തെ എക്സിലൂടെ അഭിനന്ദിക്കുകയും ചെയ്തു. താങ്കളുടെ അനുഭവസമ്പത്തും സിനിമാറ്റിക് മികവും ഇൻസ്റ്റിറ്റ്യൂട്ടിനെ കൂടുതൽ സമ്പന്നമാക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു. ഫലവത്തായ ഒരു ഭരണകാലയളവ് ആശംസിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
2023 സെപ്തംബർ ഒന്നിന് നടനും സംവിധായകനുമായ ആർ മാധവനെപുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. മുൻ പ്രസിഡന്റ് ഡയറക്ടർ ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് 3 ന് അവസാനിച്ചതോടെയാണ് താരത്തെ ചെയർമാനായി തെരഞ്ഞെടുത്തത്

