പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ

ദില്ലി: ദില്ലിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രമോദാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകി പീഡനം മൂടിവയ്ക്കാൻ ശ്രമിച്ചതിന് പ്രമോദിന്റെ ഭാര്യ സീമാ റാണിയെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. . ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നുമാണ് പൊലീസ് വിശദീകരണം. ഇരുവർക്കുമെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡപ്യൂട്ടി ഡയറക്ടറെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സസ്‌പെൻഡ് ചെയ്തിരുന്നു.

പിതാവ് മരിച്ചശേഷം ഉദ്യോഗസ്ഥന്റെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായതും ഗർഭിണിയായതും. പ്രതിയുടെ സുഹൃത്ത് കൂടിയായിരുന്നു പെൺകുട്ടിയുടെ പിതാവ്. 2020ലാണ് 14 -വയസുകാരിയായ പെൺകുട്ടിയുടെ സംരക്ഷണം പ്രമോദ് ഏറ്റെടുക്കുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ രക്ഷകർതൃത്വം ഏറ്റെടുത്ത് പ്രമോദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. 2020നും 2021നും ഇടയിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെ സീമ ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകി പീഡനം മൂടിവയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന് എഫ്‌ഐആറിൽ പറയുന്നു. ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ അവശയായ കുട്ടിയെ അമ്മയെ വിളിച്ച് വരുത്തി ഒപ്പം വിടുകയായിരുന്നു ഉദ്യോഗസ്ഥനും കുടുംബവും ചെയ്തത്. പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 17 വയസുകാരിയായ പെൺകുട്ടി ദില്ലിയിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →