വ്യഭിചാരിണി, ബാലവേശ്യ, വീട്ടമ്മ ഇവയൊന്നും ഇനി വേണ്ടെന്ന് സുപ്രീം കോടതി;

ന്യൂഡൽഹി: കോടതികളിലെ ലിംഗാധിക്ഷേപവും ലിംഗവിവേചനവും ഒഴിവാക്കാനായി പുതിയ ശൈലീ പുസ്തകം പുറത്തിറക്കി സുപ്രീം കോടതി. വ്യഭിചാരിണി, വെപ്പാട്ടി, അവിഹിതം, അവിവാഹിതയായ അമ്മ വീട്ടമ്മ, ബാലവേശ്യ തുടങ്ങി കോടതി വ്യവഹാരങ്ങളിൽ ദിവസേന ഉപയോഗിക്കുന്ന നാൽപ്പതോളം പദങ്ങൾക്കാണ് കോടതി ഉചിതമായ മറ്റു വാക്കുകളും വാചകങ്ങളും നിർദേശിച്ചിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് പുസ്തകം പുറത്തിറക്കിയത്. ലിംഗ വിവേചനവും ലിംഗാധിക്ഷേപവും കാലങ്ങളോളമായി നില നിന്നു വരുകയാണ്. കോടതികളിലും ഇത്തരം വിവേചനങ്ങൾ നില നിന്നിരുന്നു. അതിനൊരു മാറ്റം വരുത്താനായാണ് പുതിയ ശൈലികൾ പരിചയപ്പെടുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലിംഗാധിക്ഷേപവും വിവേചനവും സൂചിപ്പിക്കുന്ന ചില പദങ്ങൾ പല വിധികളിലും കടന്നു കൂടാറുണ്ട്. വ്യക്തികളുടെ അന്തസിനെ ഹനിക്കുന്നതാണ് ഇത്തരത്തിലുള്ള പല വാക്കുകളും. അവിവാഹിതരായ അമ്മമാർ എന്നാണ് ഇതുവരെ കോടതിമുറികളിൽ പരാമർശിച്ചിരുന്നത്. എന്നാൽ ഇനി മുതൽ അമ്മ എന്ന പദം മാത്രം മതിയാകും. നിർബന്ധിതമായ ബലാത്സംഗത്തിനു പകരം ഇനി മുതൽ ബലാത്സംഗം എന്നു മാത്രം ഉപയോഗിക്കും. .ഭാരതീയ സ്ത്രീ, പാശ്ചാത്യ സ്ത്രീ എന്നീ പദങ്ങൾക്കു പകരം സ്ത്രീ എന്ന ഒറ്റപ്പദം മതിയാകും. അതു പോലെ തന്നെ വിശ്വസ്ഥയായ ഭാര്യ എന്നതിനു പകരം ഭാര്യ എന്നു മാത്രം മതി എന്നും ശൈലീപുസ്തകത്തിലുണ്ട്. ഭിന്നലൈംഗികതെ കുറിക്കുന്ന നിരവധി പദങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത്. വേശ്യ എന്ന പദത്തിനു പകരം ലൈംഗിക തൊഴിലാളി എന്നാണ് ശൈലീ പുസ്തകം നിർദേശിച്ചിരിക്കുന്നത്. പ്രകോപനപരമായ വസ്ത്രം എന്ന പദം ഇനി മേൽ കോടതികളിൽ ഉണ്ടാകില്ല. പകരം വസ്ത്രം എന്ന ഒറ്റപ്പദം മതിയാകും.

ലൈംഗികാക്രമണത്തിനിരയായ വ്യക്തിയെ ഒന്നുകിൽ ഇര എന്നോ അല്ലെങ്കിൽ അതിജീവിത എന്നോ പരാമർശിക്കാവുന്നതാണ്. ഇതിൽ ഏതു പദമാണ് ഉപയോഗിക്കേണ്ടതെന്ന് ആക്രമണത്തിനിരയാകുന്ന വ്യക്തിക്ക് തെരഞ്ഞെടുക്കാവുന്നതാണ് എന്നും ശൈലീപുസ്തകത്തിലുണ്ട്.

ശൈലീ പുസ്തകത്തിന്‍റെ പിഡിഎഫ് സുപ്രീം കോടതിയുടെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. കൽക്കട്ട ഹൈക്കടതി ജഡ്ജി മൗഷുമി ഭട്ടാചാര്യയുടെ അധ്യക്ഷതയിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം.സിങ്, മുൻ ജഡ്ജിമാരായ പ്രഭാ ശ്രീ ദേവൻ, ഗീത മിത്തൽ, എന്നിവരും സുപ്രീം കോടതി, കൽക്കട്ട ഹൈക്കോടതി അഭിഭാഷകയായ ജുമാ സെൻ എന്നിവർ ചേർന്നാണ് ശൈലീ പുസ്തകം തയാറാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →