തൊഴിൽ നിയമം പരിഷ്‌കരിച്ച് സൗദി : തൊഴിലാളികളുടെ പാസ്‌പോർട്ടോ ഇഖാമയോ തൊഴിലുടമ വാങ്ങിവെച്ചാൽ 1000 റിയാൽ പിഴ.

സൗദിയിൽ തൊഴിലാളികളുടെ പാസ്‌പോർട്ട്, ഇഖാമ തുടങ്ങിയവ തൊഴിൽ ഉടമ കൈവശം വെച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പുതിയ തൊഴിൽ നിയമം. തൊഴിൽ സ്ഥലത്ത് വിവേചനം കാണിക്കുക, ശമ്പളം തടഞ്ഞുവെയ്ക്കുക തുടങ്ങിയവയും ഗുരുതരമായ നിയമലംഘനമാണ്. നിയമലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴയുടെ വിശദാംശങ്ങളും അധികൃതർ പുറത്തുവിട്ടു.

തൊഴിൽ നിയമലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകളുടെ കരട് രൂപം സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ടു. ഇതുപ്രകാരം വർക്ക് പെർമിറ്റ് ഇല്ലാതെയോ, അജീറിൽ രേഖപ്പെടുത്താതെയോ ഒരു വിദേശ തൊഴിലാളിയെ ജോലിക്കു വെച്ചാൽ 5,000 റിയാൽ പിഴ ചുമത്തും. തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയിൽ വീഴ്ച വരുത്തിയാൽ 1500 മുതൽ 5000 വരെ റിയാൽ ആണ് പിഴ.

സ്ഥാപനത്തിൽ വെച്ച് സംഭവിക്കുന്ന അപകടങ്ങൾക്ക് ഉത്തരവാദി സ്ഥാപനമുടമയാണ്. അൻപതോ അതിൽ കൂടുതലോ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജീവനക്കാരുടെ കുട്ടികളെ പരിപാലിപ്പിക്കാനുള്ള സൗകര്യം ഇല്ലെങ്കിൽ 5000 റിയാൽ വരെ പിഴ ചുമത്തും. 6 വയസിൽ താഴെ പ്രായമുള്ള ചുരുങ്ങിയത് 10 കുട്ടികളെങ്കിലും ഉള്ള സാഹചര്യത്തിലാണ് ഈ സൗകര്യം ഒരുക്കേണ്ടത്. പുതിയ നിയമപ്രകാരം 15 വയസിനു താഴെയുള്ള കുട്ടികളെ ജോലിക്കു വെയ്ക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇതിന് 1000 മുതൽ 2000 വരെ റിയാൽ പിഴ ചുമത്തും. പ്രസവിച്ച് 6 ആഴ്ചക്കുള്ളിൽ സ്ത്രീകൾ ജോലിക്കു ഹാജരായാൽ 1000 റിയാൽ പിഴ ചുമത്തും.

ജോലിസ്ഥലത്ത് തൊഴിലാളികൾക്കിടയിൽ ഒരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന കർശനമായ വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. ജോലി നൽകുന്നതിലോ, ജോലിയുമായി ബന്ധപ്പെട്ട പരസ്യം നൽകുമ്പോഴോ സ്ത്രീ-പുരുഷ വിവേചനമോ മറ്റോ കണ്ടെത്തിയാൽ 3000 റിയാൽ പിഴ ഈടാക്കും. തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോർട്ടോ ഇഖാമയോ തൊഴിലുടമ വാങ്ങിവെച്ചാൽ 1000 റിയാലാണ് പിഴ. ജോലിസ്ഥലത്ത് മോശമായി പെരുമാറിയ പരാതി തൊഴിലാളി ഉന്നയിച്ചാൽ നടപടി സ്വീകരിച്ചില്ലെങ്കിൽ 5000 റിയാൽ പിഴ ഈടാക്കും. പിഴ അടയ്ക്കാനുള്ള നിർദേശം വന്ന് 60 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ സ്ഥാപനത്തിനുള്ള സർക്കാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്നും പുതിയ നിയമം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →