റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴ (കൊച്ചി) ∙ ടവർ ലൈനിനു കീഴിൽ കൃഷി ചെയ്തിരുന്ന 400 വാഴ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചു. ഓണത്തിനു വിളവെടുക്കാൻ പാകത്തിനു കുലച്ചുനിന്ന വാഴയാണ് വെട്ടി നശിപ്പിച്ചത്. . വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവർ ലൈനിനു കീഴിൽ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു നശിപ്പിച്ചത്.സംഭവത്തിൽ 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. 2023 ഓ​ഗസ്റ്റ് 4 വെള്ളിയാഴ്ചയാണ് വാഴ വെട്ടിയത്.

ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചപ്പോൾ മാത്രമാണു മൂവാറ്റുപുഴയിലെ കെഎസ്ഇബി ഉന്നതോദ്യോഗസ്ഥർ പോലും സംഭവം അറിഞ്ഞത്. 220 കെവി ലൈനിനു കീഴെ വാഴ ഉൾപ്പെടെ ഹ്രസ്വകാല വിളകൾ കൃഷിചെയ്യാൻ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. ടവർ ലൈനിനു കീഴിൽ നിശ്ചിത അകലം ഉറപ്പാക്കി വീടുവയ്ക്കാൻ പോലും അനുമതി നൽകുന്നുണ്ട്. ഉയരം വയ്ക്കുന്ന മരങ്ങൾ പാടില്ലന്നേ നിയമമുള്ളൂ. തോമസും മകൻ അനീഷും ചേർന്നാണു കൃഷി നടത്തിയിരുന്നത്.

മൂലമറ്റത്തു നിന്നെത്തിയ ലൈൻ മെയിന്റ്നൻസ് സബ് ഡിവിഷൻ (എൽഎംഎസ്) ഓഫിസിലെ ഉദ്യോഗസ്ഥരാണു വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ടവർ ലൈനിനു കീഴിൽ ഇതേ സ്ഥലത്തു കഴിഞ്ഞ വർഷവും കൃഷിയുണ്ടായിരുന്നു. തടസ്സമില്ലാതെ വിളവെടുക്കുകയും ചെയ്തു. ഇത്തവണ നട്ട വാഴകൾക്ക് ഉയരം കൂടുതലായിരുന്നെന്നും വാഴക്കൈ ലൈനിൽ തട്ടി വാഴ കത്തുകയും ലൈനിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തുവെന്നും എൽഎംഎസ് വിഭാഗം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *