റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ വാദങ്ങളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാദ പരാമർശത്തിന്‍റെ പേരിൽ ഷംസീർ മാപ്പു പറയില്ല, തിരുത്തുകയുമില്ല. ഷംസീർ പറഞ്ഞത് ശരിയാണ്, മിത്തിനെ മിത്തായി മാത്രം കാണണം. ശാസ്ത്രമായി വിലയിരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഞങ്ങളുടെ ദാർശനിക നിലപാട് വൈരുദ്ധ്യാത്മക ഭൗതിക വാദമാണ്. അതനുസരിച്ച് ഇന്ത്യൻ സമൂഹത്തെ മനസിലാക്കാനും പഠിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഗണപതിക്ക് പ്ലാസ്റ്റിക് സർജറി ചെയ്തെന്ന് പറഞ്ഞത് പ്രധാനമന്ത്രിയാണ്. ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്തു രാമക്ഷേത്രം നിർമിക്കാൻ പരികർമിയെ പോലുള്ള നിലപാടാണ് ഇന്ത്യൻ പ്രധാനമന്ത്രി അന്ന് സ്വീകരിച്ചത്. ഇത്തരം തീരുമാനം ജനാധിപത്യപരമാണോ?

ഇന്ത്യൻ പാർലമെന്‍റിൽ ചെങ്കോൽ വയ്ക്കുന്ന സ്ഥിതിയുണ്ടായി. മഹാത്മാഗാന്ധിയെന്ന ദേശീയ സ്വാതന്ത്ര്യസമരസേനാനിയെക്കുറിച്ചോ, അദ്ദേഹത്തിന്‍റെ കൊലപാതകത്തെക്കുറിച്ചോ പഠിപ്പിക്കരുതെന്ന് പറഞ്ഞു. ഡാർവിന്‍റെ പരിണാമസിദ്ധാന്തം പഠിപ്പിക്കാൻ പാടില്ലെന്നു പറഞ്ഞു. കാവിവത്കരണമാണ് നടക്കുന്നതെന്നും ഇത് ഇപ്പോൾ തുടങ്ങിയതല്ലെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

അമ്പലത്തില്‍ പോകാനുള്ള ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി പോരാടിയ പ്രസ്ഥാനമാണ് സിപിഎം. ഗണപതീ ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായമില്ല. പക്ഷേ, രാഷ്ട്രീയ ആയുധമാക്കി മാറ്റിയില്ലേ എന്ന് സ്വയം പരിശോധിക്കാൻ എൻഎസ്എസ് തയാറാകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എല്ലാ കാലത്തും സിപിഎം മത വിശ്വാസങ്ങൾക്കെതിരാണെന്ന് പ്രചരണം നടന്നിരുന്നു. എന്നാൽ എല്ലാ വിശ്വാസികളുടെയും വിശ്വസമില്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് ഇനിയും സിപിഎം തുടരുമെന്നും ഗോവിന്ദൻ പറഞ്ഞു. വിശ്വാസികൾക്ക് പ്രകോപനമില്ല, സിപിഎമ്മിലാണ് വിശ്വാസികൾ അധികവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസികൾ ഉയർത്തിപ്പിടിക്കുന്ന പല കാര്യങ്ങളിലും വിയോജിപ്പുണ്ട്. ഇപ്പോൾ അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ നെഹ്റുവിന്‍റെ പുസ്തകം വായിക്കണമെന്നും ചരിത്രത്തെ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *