ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് ”ദ് കേരള സ്റ്റോറി” ആയുധമാക്കാന്‍ മുന്നണികള്‍. മുസ്ലിംവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും സിനിമയ്ക്കെതിരേ രംഗത്തെത്തി. ഇരട്ടത്താപ്പെന്ന് ആരോപിച്ചാണു വിമര്‍ശനങ്ങളെ ബി.ജെ.പി. പരിഹസിക്കുന്നത്. സിനിമയെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിലടക്കം പരസ്യമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.
കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാര്‍ അജന്‍ഡ ഏറ്റുപിടിക്കുകയാണു സിനിമ ചെയ്യുന്നതെന്നാണു ട്രെയിലറില്‍നിന്നും ലഭിക്കുന്ന സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ആവിഷ്‌ക്കാരത്തിന്റെ അപ്പോസ്തലന്മാരായ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും പറയുന്നത് ഇരട്ടപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരിച്ചടിച്ചു.
എന്നാല്‍, സിനിമയെ വിവാദമാക്കേണ്ടെന്നാണ് നായിക അദാ ശര്‍മ്മ പറയുന്നത്. ദ് കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും മയക്കുമരുന്ന് നല്‍കുകയും ബലമായി ഗര്‍ഭം ധരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരാണു സിനിമ. സിനിമ കണ്ടാല്‍ വിമര്‍ശകരുടെ മനസ് മാറിയേക്കാമെന്നു കരുതുന്നതായും അവര്‍ പറഞ്ഞു. മുസ്ലീം ലീഗ് അടക്കം യു.ഡി.എഫില്‍നിന്നും സിനിമയ്ക്കെതിരേ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അടക്കം കോണ്‍ഗ്രസില്‍നിന്നും സിനിമയ്ക്കെതിരേ രംഗത്തുണ്ട്.
മതമൗലികവാദത്തേക്കാള്‍ അപകടകരമാണു വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഇരട്ടത്താപ്പെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ”ഈശോ” സിനിമക്കെതിരേ വിശ്വാസികള്‍ പ്രതികരിച്ചപ്പോള്‍ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമായിരുന്നു. ”കക്കുകളി” എന്ന നാടകത്തില്‍ ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചപ്പോഴുംആവിഷ്‌ക്കാര സ്വാതന്ത്ര്യമായിരുന്നു. മീശ നോവലിന്റെ കാര്യത്തിലും എം.എഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ കാര്യത്തിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി സി.പി.എം വാദിച്ചെന്നാണു സുരേന്ദ്രന്‍ ആരോപിക്കുന്നത്.എന്നാല്‍ സിനിമ ഒരു കാരണവശാലം പ്രദര്‍ശിപ്പിക്കരുതെന്നാണ് കാന്തപുരവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.
അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. കേരളത്തിലെ മത സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനാണു സംഘപരിവാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന കള്ളമാണ് സിനിമയുടെ ട്രെയിലറില്‍ കാണാന്‍ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉല്‍പന്നമാണ് ഈ വ്യാജ കഥയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

