10 പോലീസുകാര്‍ക്ക് വീരമൃത്യു
റായ്പുര്‍/ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 10 പോലീസുകാര്‍ക്കു വീരമൃത്യു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
26/04/23 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്(ഡി.ആര്‍.ജി) സംഘമാണ് ആക്രമിക്കപ്പെട്ടത്. ഡി.ആര്‍.ജി. ആസ്ഥാനത്തേക്കു മടങ്ങുന്നതിനിടെ റോഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചിരുന്ന ഇപ്രൊെവെസ്ഡ് എക്‌സ്‌പ്ലോസീവ് ഡിെവെസ്(ഐ.ഇ.ഡി) പൊട്ടിത്തെറിക്കുകയായിരുന്നു.
വാടകയ്‌ക്കെടുത്ത മിനിവാനിലാണ് ഡി.ആര്‍.ജി. സംഘം സഞ്ചരിച്ചത്. ബാലിസ്റ്റിക് പരിരക്ഷയില്ലാത്ത വാഹനം സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 20 അടി ദൂരത്തേക്കു തെറിച്ചുപോയി. 50 കിലോയോളം സ്‌ഫോടകവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അനുമാനം. സ്‌ഫോടനത്തെത്തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തമുണ്ടായി. സമീപത്തുണ്ടായിരുന്ന വന്‍മരങ്ങളുള്‍പ്പെടെ കടപുഴകിവീണു. മാവോയിസ്റ്റുകളെ നേരിടാന്‍ നിയോഗിച്ചിരിക്കുന്ന പ്രത്യേക സുരക്ഷാസേനാ വിഭാഗമാണ് ഡി.ആര്‍.ജി. ദന്ദേവാഡ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തി മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിനു പിന്നാലെ കൂടുതല്‍ സുരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി വനത്തില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ഫോണില്‍ വിളിച്ച് അനുശോചിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കോണ്‍ഗ്രസ് എം.എല്‍.എയായ വിക്രം മാണ്ഡവിയുടെ വാഹനവ്യൂഹത്തിനുനേരേ ബിജാപ്പുരില്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി ഒരാഴ്ചയ്ക്കുശേഷമാണ് ദന്തേവാഡയിലെ ആക്രമണം. 2010 ഏപ്രിലില്‍ ദന്തേവാഡയില്‍ നടന്ന സമാന ആക്രമണത്തില്‍ 76 സി.ആര്‍.പി.എഫ്. ജവാന്മാരും എട്ടു മാവോയിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്.

