ന്യൂഡൽഹി: ഭാവിയിൽ ബഹിരാകാശ യുദ്ധം ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സേനാമേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. ബഹിരാകാശത്ത് നിലവിൽ നടക്കുന്ന സൈനികവൽക്കരണം ഇതിന്റെ മുന്നോടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കര, കടൽ, ആകാശം, സൈബർ രംഗം എന്നിങ്ങനെ എല്ലാ മേഖലകൾക്കും മേൽ ആധിപത്യം ബഹിരാകാശത്തിനുണ്ടെന്നും അതുകൊണ്ട് തന്നെ അത്തരത്തിലൊരു നീക്കം കരുതിയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ചൈനയും നടത്തിയ ആന്റി സാറ്റലൈറ്റ് പരീക്ഷണങ്ങൾ ഇന്ത്യയും സമാനശക്തി കൈവരിക്കണമെന്നുള്ള ഓർമപ്പെടുത്തലാണെണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സ്പേസ് അസോസിയേഷൻ സംഘടിപ്പിച്ച ശിൽപശാലയിലാണ് സംയുക്ത സേനാ മേധാവി ഇക്കാര്യം പറഞ്ഞത്. ഉപഗ്രഹങ്ങൾ പരമാവധി ചെറുതാക്കുന്നതിനൊപ്പം പുനരുപയോഗിക്കാവുന്ന സാധ്യതകൾ കൂടി കൂടുതലായി പരീക്ഷിക്കേണ്ടതുണ്ടെന്നും അനിൽ ചൗഹാൻ പറഞ്ഞു. ബഹിരാകാശത്തെ വാണിജ്യ സ്ഥാപനങ്ങളുടെ കടന്നുകയറ്റം യുദ്ധത്തെ പുതിയ രീതിയിലേക്ക് പരിവർത്തനം ചെയ്തേക്കാമെന്ന് സ്പേസ് എക്സും മക്സറും തമ്മിലുള്ള മത്സരം ഉദാഹരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

