നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാഗ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. 25 എന്‍ഐഎ ഉദ്യോഗസ്ഥരുടെ സംഘം അബ്ദുള്‍ മുഖ്താദിറിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ അയല്‍വാസികളുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അബ്ദുള്‍ മുഖ്താദിര്‍ 2017-ല്‍ പാക്കിസ്താനിലെ ഒരു മൗലാനയുമായി സംസാരിച്ചിരുന്നു. ഇതിനുശേഷം ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെത്തിയ ഇയാള്‍ വീണ്ടും പാക്കിസ്താനിലേക്ക് ഫോണ്‍ വിളിച്ചതായി കണ്ടെത്തിയതായി എന്‍ഐഎ പറഞ്ഞു. സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഐആര്‍എഫിലെ അംഗങ്ങളുമായും ഇദ്ദേഹം സംസാരിച്ചിരുന്നതായി ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് എന്‍ഐഎ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. നാഗ്പൂര്‍ പൊലീസും ക്രൈംബ്രാഞ്ചും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

